ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; അനധികൃതമായി സൂക്ഷിച്ച 25 ലക്ഷം രൂപ കണ്ടെത്തി

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച 25 ലക്ഷം രൂപ കണ്ടെത്തി. തൃശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.വി ഹംസയുടെ പാലക്കാട്ടെ വീട്ടിലും തൃശൂരിലെ ഓഫീസിലുമാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. വിജിലൻസ് എറണാകുളം സ്‌പെഷ്യൽ യൂണിറ്റാണ് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വി ഹംസയ്‌ക്കെതിരെ മുമ്പ് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
രഹസ്യവിവരത്തെ തുടർന്നാണ് എറണാകുളത്തെ വിജിലൻസിന്റെ സ്‌പെഷ്യൽ സെൽ പരിശോധന നടത്തിയത്. പാലക്കാട്ടെ വീട്ടിൽ വിജിലൻസ് ഡിവൈഎസ്പി ടി.യു സജീവന്റെയും തൃശൂരിലെ ഹംസയുടെ ഓഫീസിൽ സി.ഐ മാർട്ടിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടിൽ രേഖകളില്ലാതെ സൂക്ഷിച്ച 25 ലക്ഷം രൂപയും ഓഫീസിൽ നിന്ന് വാഹനങ്ങളുടെ ആർ.സി ബുക്കുകളും രേഖകളും പിടിച്ചെടുത്തു. വൈകീട്ടോടെയാണ് പരിശോധന പൂർത്തിയായത്. അഴിമതി നിരോധന നിയമപ്രകാരം ഡിവൈഎസ്പി ഹംസയുടെ പേരിൽ കേസെടുത്തതായി വിജിലൻസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here