കർണാടക നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

വിമതരുടെ രാജിയിൽ കുമാരസ്വാമി സർക്കാർ ആടിയുലയുന്നതിനിടെ കർണാടക നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം.ആദ്യദിനം ചരമോപചാരം അർപ്പിച്ച് പിരിയും. വിമത എംഎൽഎമാരുടെ രാജിയിൽ തീരുമാനമായില്ലെങ്കിൽ സഭാ നടപടികൾ തടസപ്പെടുത്താനുള്ള ബിജെപി നീക്കം സമ്മേളനം പ്രക്ഷുബ്ധമാക്കും .
പലയിടങ്ങളിൽ നിന്ന് പലതവണ പ്രതികരിച്ച നേതാക്കൾ ഇനി കർണാടക നിയമസഭയിൽ മുഖാമുഖം വരും. കോൺഗ്രസ് -ജെഡിഎസ് സഖ്യത്തിലെ വിമത എം എൽ എ മാരുടെ രാജിയോടെ സാങ്കേതികമായി ന്യുനപക്ഷമായ കുമാരസ്വാമി സർക്കാർ ഇവരിൽ പലരും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ്. അനുനയവും അയോഗ്യതാ ഭീഷണിയുമൊക്കെ കോൺഗ്രസ് പയറ്റുന്നെങ്കിലും വിമതർ വഴങ്ങുന്നില്ല. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ വിമതർക്കടക്കം കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. പ്രതീക്ഷ കൈവിടാതെ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ ശ്രമം തുടരുന്നു.
ബിജെപി നിയമസഭാ കക്ഷി യോഗം ഇന്നു ചേരുന്നുണ്ട്. രാജിക്കാര്യത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ സഭ തടസപ്പെടുത്താനാണ് ബി ജെ പി നീക്കം. കോടതി വിധിക്കു ശേഷം തുടർ നടപടിയെന്ന നിലപാടിലാണ് ബിഎസ് യെദ്യൂരപ്പ .
അക്കങ്ങളുടെ കളിയും സംഘർഷാന്തരീക്ഷവുമാകും ഇനി കർണാടക രാഷ്ട്രീയത്തിൽ .രാജിക്കത്ത് വിവാദത്തിനു പുറമേ സഭ നടത്തിപ്പും സ്പീക്കർക്ക് തലവേദനയാകും .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here