ഭൂമിയിടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി സത്യവാങ്മൂലം നൽകി

ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. കോട്ടപ്പടിയിലെ അതിരൂപതയുടെ ഭൂമി വിൽപന തടയണമെന്നാവശ്യപ്പെട്ട് സഭാംഗം നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം നൽകിയത്. ഭൂമി വിൽക്കാൻ അതിരൂപത തീരുമാനിച്ചിട്ടില്ലെന്ന് കാട്ടിയാണ് കർദിനാൾ വിശദീകരണം നൽകിയത്.
എറണാകുളം, അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപന തടയണമെന്നാവശ്യപ്പെട്ട് സഭാംഗമായ മാർട്ടിൻ പയ്യപ്പള്ളി നൽകിയ ഹർജിയിലാണ് കർദിനാൾ ജോർജ് ആലഞ്ചേരി മറുപടി സത്യവാങ്മൂലം നൽകിയത്. കോതമംഗലം കോട്ടപ്പടിയിലെ അതിരൂപതയുടെ ഭൂമി വിൽക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹർജി. മുവാറ്റുപുഴ മുൻസിഫ് കോടതിയിലാണ് കർദിനാൾ മറുപടി സത്യവാങ്ങ്മൂലം സമർപ്പിച്ചത്. അതിരൂപതയിലെ വിമതരുടെ കൈയടി നേടാനും തന്നെ അധിക്ഷേപിക്കാനുമാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്ന് ആലഞ്ചേരിയുടെ സത്യമാങ്മൂലം പറയുന്നു. ഭൂമിയുടെ പൂർണ ഉടമസ്ഥാവകാശം അതിരൂപതയ്ക്കാണ്.
പരാതിക്കാരൻ അതിരൂപതയിലെ ചില വിമതർക്കൊപ്പം ചേർന്ന് തന്റെ കോലം കത്തിച്ച ആളാണ്. വിമതർ അതിരൂപതയിൽ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഭൂമി വിൽപന എതിർക്കാൻ ഇടവകാംഗങ്ങൾക്ക് അവകാശമില്ല. കോട്ടപ്പടിയിലെ ഭൂമി വിൽക്കുന്നുവെന്ന വാർത്ത തെറ്റാണ്. അങ്ങനെയൊരു തീരുമാനമില്ലെന്നും സത്യവാങ്മൂലത്തിൽ കർദിനാൾ നിലപാടെടുത്തു. കേസ് ഈ മാസം 25ന് പരിഗണിക്കാൻ മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here