എസ്എഫ്‌ഐ ക്യാമ്പസുകളെ കലാപഭൂമിയാക്കി: മുല്ലപ്പള്ളി

സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ക്യാമ്പസുകളെ കലാപ ഭൂമിയാക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അധോലോക ഗുണ്ടകളെയും സാമൂഹ്യവിരുദ്ധന്‍മാരെയും വളര്‍ത്തിയെടുക്കുന്ന പരിശീലന കളരിയായി സിപിഎം കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കലാശാലകളെ മാറ്റി. ഇവരില്‍ നിന്നാണ് ഏറിയപങ്കും മയക്കുമരുന്നു ലോബിയുടെ പങ്കാളികളായും വാടക കൊലയാളികളായും ഉയര്‍ന്നു വരുന്നത്. ഇത് വളരെ ആപല്‍ക്കരമാണെന്ന വസ്തുത കേരളീയ പൊതുസമൂഹം തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കലാശാലകലില്‍ മിക്കവയും മയക്കുമരുന്നിന്റെ പിടിയിലാണ്. മാരക ആയുധങ്ങള്‍ സൂക്ഷിക്കുന്ന സുരക്ഷിത കേന്ദ്രങ്ങളായി സാമൂഹ്യവിരുദ്ധര്‍ കലാശാലകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് സിപിഎം നേതൃത്വത്തിന് എന്താണ് പറയാനുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.
യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി ഇതിനും മുമ്പും പൊലീസുകാരെ മര്‍ദ്ദിച്ച കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്നാണ് പറയപ്പെടുന്നത്. അന്ന് ഇയാള്‍ക്ക് സംരക്ഷണം നല്‍കിയത് സിപിഎമ്മും. ഭരണത്തിന്റെ തണലില്‍ എന്തുമാകാമെന്ന ധൈര്യമാണ് ഇത്തരം പ്രവര്‍ത്തികളിലേക്ക് എസ്എഫ്‌ഐക്കാരെ കൊണ്ടെത്തിക്കുന്നത്. വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച മുഴുവന്‍ പ്രതികളെയും എത്രയും വേഗം പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച നല്ല മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹം. എനിക്ക് അദ്ദേഹവുമായി ദീര്‍ഘകാലത്തെ സുഹൃത്ത് ബന്ധമാണ് ഉണ്ടായിരുന്നത്. ദാമോദരന്‍ കാളാശേരിയുടെ ദേഹവിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here