കർണാടക പ്രതിസന്ധി; വിമത എംഎഎൽഎമാരുടെ ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

കർണാടകയിലെ വിമത എംഎൽഎമാരുടെ ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കറുടെ നിലപാട് നിർണായകമാകും. സ്പീക്കറുടെ വാദമുഖങ്ങൾ കേൾക്കാമെന്ന് ഇന്നലെ കോടതി സമ്മതിച്ചിരുന്നു.
പത്ത് വിമത എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിക്കുമോ, തള്ളുകയാണെങ്കിൽ നിരത്തുന്ന വാദമുഖമെന്തായിരിക്കും, തീരുമാനമെടുക്കാൻ കൂടുതൽ സമയം സ്പീക്കർ ആവശ്യപ്പെടുമോ, സ്പീക്കറുടെ നിലപാടിൽ സുപ്രീംകോടതി എന്ത് തീരുമാനമെടുക്കും. രാജ്യം ശ്രദ്ധയോടെ വീക്ഷിക്കുന്ന കേസിൽ ഇന്ന് നടക്കാൻ പോകുന്ന സംഭവ വികാസങ്ങൾ നിർണായകമാണ്.
കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങൾ. രാജിക്കത്തുകൾ പരിശോധിച്ച് ഇന്ന് തീരുമാനം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് സ്പീക്കർ കെ.ആർ. രമേഷ് കുമാറിന് ഇന്നലെ നിർദേശം നൽകിയിരുന്നു. എന്നാൽ കൂടുതൽ സമയം വേണമെന്ന് സ്പീക്കർ ഇന്നലെ തന്നെ ആവശ്യപ്പെട്ടെങ്കിലും കോടതി അനുകൂല നിലപാടെടുത്തില്ല. സ്പീക്കറുടെ വാദം ഇന്ന് കേൾക്കാമെന്ന നിലപാട് എടുക്കുകയായിരുന്നു. പത്ത് വിമത എംഎൽഎമാരിൽ നിന്ന് രാജിക്കത്ത് കൈപ്പറ്റുന്ന വീഡിയോ അടക്കം തെളിവുകൾ സ്പീക്കർ കോടതിയിൽ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here