ഇന്ത്യയില്‍ നിന്നും രക്തബന്ധമുള്ളവരുടെ തുണയില്ലാത്ത വനിതാ തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയില്‍ എത്തി

ഇന്ത്യയില്‍ നിന്നും രക്തബന്ധമുള്ളവരുടെ തുണയില്ലാത്ത വനിതാ തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയില്‍ എത്തി. രണ്ടായിരത്തി മുന്നൂറോളം സ്ത്രീകളാണ് ഇത്തവണ ഇങ്ങിനെ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് ഇന്ത്യന്‍ ഹജ്ജ് മിഷന്‍.
മഹ്‌റം ഇല്ലാതെ അതായത് രക്തബന്ധമുള്ള പുരുഷന്മാര്‍ കൂടെയില്ലാതെ നാല്പത്തിയഞ്ച് വയസിനു മുകളില്‍ പ്രായമുള്ള 2332 സ്ത്രീകളാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. ഇവരുടെ ആദ്യ സംഘം കഴിഞ്ഞ ദിവസം മദീനയില്‍ എത്തി. മദീന വിമാനത്താവളത്തിലും താമസിക്കുന്ന കെട്ടിടങ്ങളിലും മലയാളീ സന്നദ്ധ സംഘടനകളുടെ വനിതാ പ്രവര്‍ത്തകര്‍ ഇവരെ സ്വീകരിക്കാനും സഹായിക്കാനുമുണ്ടായിരുന്നു.
ഈ തീര്‍ഥാടകര്‍ക്ക് മാത്രമായി താമസിക്കാനുള്ള കെട്ടിടങ്ങളും, ഡിസ്പന്‍സറികളും, ബസുകളും, ബസ് സ്റ്റോപ്പുകളും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് മഹ്‌റം ഇല്ലാതെ സ്ത്രീകള്‍ക്ക് തനിച്ചു ഹജ്ജ് നിര്‍വഹിക്കാന്‍ സൗദി അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ആയിരത്തി മുന്നൂറോളം സ്ത്രീകള്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനു എത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും മലയാളികള്‍ ആയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ആകെ തീര്‍ഥാടകരില്‍ പകുതിയോളം സ്ത്രീകളാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നും തീര്‍ഥാടകരുടെ സേവനത്തിനെത്തുന്നവരില്‍ നൂറിലേറെ പേര്‍ സ്ത്രീകളാണ്. 36 വനിതാ ഡോക്ടര്‍മാരും 49 വനിതാ പാരാ മെഡിക്കല്‍ സ്റ്റാഫും കൂട്ടത്തിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here