മദീനയില്‍ എത്തിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ മക്കയിലേക്കുള്ള നീക്കം ഇന്ന് ആരംഭിച്ചു

മദീനയില്‍ എത്തിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ മക്കയിലേക്കുള്ള നീക്കം ഇന്ന് ആരംഭിച്ചു. ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയ ആദ്യസംഘമാണ് മക്കയിലേക്ക് പുറപ്പെട്ട ആദ്യ സംഘത്തിലുള്ളത്.
മദീനയില്‍ എട്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രവാചകന്റെ പള്ളിയില്‍ ഇന്ന് നടന്ന ജുമുഅ നിസ്കാരത്തില്‍ പങ്കെടുത്തതിന് ശേഷമാണ് തീര്‍ഥാടകര്‍ മക്കയിലേക്ക് പുറപ്പെട്ടത്. ഹജ്ജ് സര്‍വീസ് കമ്പനികള്‍ ഒരുക്കിയ ബസുകളിലാണ് യാത്ര. ഇന്ത്യയില്‍ നിന്നും ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ച കഴിഞ്ഞ നാലാം തിയ്യതി മദീനയില്‍ എത്തിയ രണ്ടായിരത്തി അഞ്ഞൂറോളം തീര്‍ഥാടകരാണ് ആദ്യ ദിവസം മക്കയിലേക്ക് തിരിച്ചത്.
ഹജ്ജോ ഉംറയൊ നിര്‍വഹിക്കുന്നതിനുള്ള കരുത്തുമായി ഇഹ്റാമിന്റെ പ്രത്യേക വസ്ത്രം ധരിച്ചാണ് മക്കയിലേക്ക് നീങ്ങുന്നത്. മക്കയിലെത്തുന്ന ഈ തീര്‍ഥാടകര്‍ ഹറം പള്ളിയില്‍ ചെന്ന് ഉംറ നിര്‍വഹിക്കും. മക്കയില്‍ അസീസിയ കാറ്റഗറിയിലും ഹറം പള്ളിക്ക് സമീപത്തുള്ള എന്സിഎന്ടി കാറ്റഗറിയിലുമാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ താമസം. പ്രവാചകന്റെ പള്ളിയില്‍ നാല്‍്പത് നേരത്തെ നിസ്കാരം നിര്‍വഹിക്കുക, പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കുക, പുണ്യകേന്ദ്രങ്ങളും ചരിത്രസ്ഥലങ്ങളും സന്ദര്‍ശിക്കുക തുടങ്ങിയവക്ക് വേണ്ടിയാണ് തീര്‍ഥാടകര്‍ എട്ടു ദിവസം മദീനയില്‍ തങ്ങുന്നത്. ഈ മാസം ഇരുപത്തിയൊന്ന് വരെ ഇന്ത്യയില്‍ നിന്നും മദീനയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസ് തുടരും. എട്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തുന്ന ഈ തീര്‍ഥാടകര്‍ ഹജ്ജ് കര്‍മങ്ങള്‍ കഴിഞ്ഞു ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here