യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കാനുള്ള അന്തരീക്ഷമില്ല; പ്രിൻസിപ്പലിന് എസ്എഫ്‌ഐയെ പേടിയെന്ന് മുൻ വിദ്യാർത്ഥിനി

യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കാനുള്ള അന്തരീക്ഷമില്ലെന്ന് കോളേജിൽ നിന്നും ടി സി വാങ്ങിപ്പോയ വിദ്യാർത്ഥിനി നിഖില. എസ്എഫ്‌ഐയുടെ ഏകാദിപത്യമാണ് കോളേജിൽ നടക്കുന്നത്. എസ്എഫ്‌ഐയെ പേടിയുള്ള പ്രിൻസിപ്പൽ അവർക്കെതിരെ നടപടിയെടുത്തില്ലെന്നും നിഖില പറഞ്ഞു. നടപടിയെടുത്തിരുന്നുവെങ്കിൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമായിരുന്നില്ല. എസ്എഫ്‌ഐ നേതാക്കൾ വിദ്യാർത്ഥികളെ നിർബന്ധപൂർവം മാർച്ചിലും പ്രതിഷേധ പരിപാടികളിലും പങ്കെടുപ്പിക്കുമായിരുന്നുവെന്നും നിഖില പ്രതികരിച്ചു.
കോളജിനകത്തെ പ്രശ്‌നങ്ങളെ കുറിച്ച് പലതവണ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുക്കാൻ തയ്യാറായില്ല. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും കാരണക്കാരൻ പ്രിൻസിപ്പലാണെന്നും നിഖില പറയുന്നു.
താനും എസ്എഫ്‌ഐയെ പിന്തുണക്കുന്ന ആളാണ്. എന്നാൽ അവിടെ നടക്കുന്ന കാര്യങ്ങളെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. എസ്എഫ്‌ഐയുടെ പ്രവർത്തനങ്ങൾ ഇങ്ങനെയായിരിക്കരുത്. ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. മുദ്രാവാക്യത്തിൽ പറയുന്ന ഒരു കാര്യങ്ങളും അവിടെ നടക്കുന്നില്ലെന്നും നിഖില പറഞ്ഞു. എസ്എഫ്‌ഐക്കെതിരെ കത്തെഴുതിവെച്ച് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയാണ് നിഖില.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here