യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഓഫീസിൽ കത്തികളും മദ്യക്കുപ്പികളും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഓഫീസിൽ കത്തികളും മദ്യക്കുപ്പികളും. കോളേജിലെ വിദ്യാർത്ഥികൾ ഇടിമുറിയെന്ന് വിശേഷിപ്പിക്കുന്ന ഇടത്തു നിന്നാണ് ഇവ കണ്ടെത്തിയത്. പലരും അന്തിയുറങ്ങതിന്റെ ലക്ഷണങ്ങളും ഈ മുറിയിലുണ്ട്. കോളേജിലെ അധ്യാപകർക്ക് പോലും നിയന്ത്രണമില്ലാത്ത ഇടമാണ് യൂണിയൻ ഓഫീസ്.
കത്തികൾ, മദ്യക്കുപ്പികൾ, തടിക്കഷണങ്ങൾ, ഇരുമ്പ് കമ്പികൾ. കോളേജിലെ വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ പ്രവേശനം നിഷേധിച്ചിരിക്കുന്ന ഇടമാണ് കോളേജ് ഓഡിറ്റോറിയത്തോടു ചേർന്ന ഈ മുറി. യൂണിയൻ ഓഫീസിനായി കോളേജ് വിട്ടു നൽകിയിരിക്കുന്ന സ്ഥലമാണ് കാലങ്ങളായി എസ്എഫ്‌ഐ കൈയടക്കിവെച്ചിരിക്കുന്നത്. ഇന്നലെ സംഘർഷം നടന്ന വേളയിലുൾപ്പെടെ അധ്യാപകരും വിദ്യാർത്ഥികളും ഇവിടേക്ക് പ്രവേശിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടഞ്ഞിരുന്നു. ഇന്നും ചില ജീവനക്കാർ അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.
Read more: യൂണിവേഴ്‌സിറ്റി കോളേജ് അക്രമം: കുറ്റക്കാരെ സസ്‌പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ
എസ്എഫ്‌ഐയുടെ പരിപാടികളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരോ എസ്എഫ്‌ഐക്ക് എതിരെ പ്രതികരിക്കുന്നവരോ ആയ വിദ്യാർഥികളെ യൂണിറ്റ് കമ്മിറ്റി സംഘം ഓഡിറ്റോറിയത്തിനു സമീപത്തെ ഈ ഇടിമുറിയിലേക്കു കൊണ്ടു പോകും. തുടർന്ന് വിചാരണയും മർദനവും. നാളുകളായി ഈ ഇടിമുറിക്കെതിരെ ആക്ഷേപം ഉയരാറുണ്ടെങ്കിലും ഇങ്ങനെയൊന്ന് അറിയില്ലെന്നാണ് പ്രിൻസിപ്പൽ ഉൾപ്പെടെ കോളേജ് അധികൃതരുടെ വാദം.
കത്തികളും മദ്യക്കുപ്പികളും മാധ്യമ പ്രവർത്തകരാണ് യൂണിറ്റ് ഓഫീസിൽ കൊണ്ടുവെച്ചതെന്നാണ് കേളേജിലെ ചില ജീവനക്കാരുടെ ആരോപണം. അധികൃതരുടെ ഭാഗത്ത് നിന്ന് തന്നെയുള്ള ഈ പിന്തുണയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ ഏകാധിപത്യ ഭരണത്തിന് കാരണമെന്നാണ് വിദ്യാർഥികൾ തന്നെ ചൂണ്ടിക്കാട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here