രക്ഷാപ്രവർത്തനം നടത്തി ബട്‌ലറും സ്റ്റോക്സും; ഇംഗ്ലണ്ട് കളി പിടിക്കുന്നു

ന്യൂസിലൻഡിനെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് കളി പിടിക്കുന്നു. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടത് പ്രതിസന്ധിയിലാക്കിയെങ്കിലും ജോസ് ബട്‌ലറും ബെൻ സ്റ്റോക്സും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. ഇതിനോടകം ഇവർ 76 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ടൈറ്റ് ലൈനുകളിലാണ് ബോൾട്ടും മാറ്റ് ഹെൻറിയും ചേർന്ന് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ വരവേറ്റത്. ഇന്നിംഗ്സിൻ്റെ ആദ്യ പന്തിൽ തന്നെ ഒരു ലെഗ് ബിഫോർ വിക്കറ്റിൽ നിന്ന് റിവ്യൂ ഉപയോഗിച്ച് രക്ഷപ്പെട്ട ജേസൻ റോയ് ഇന്നിംഗ്സിൻ്റെ പല ഭാഗത്തും ഭാഗ്യം കൊണ്ട് പല വട്ടം രക്ഷപ്പെട്ടു. എന്നാൽ ആറാം ഓവറിൽ ഈ ഭാഗ്യങ്ങൾ അവസാനിച്ചു. 17 റൺസെടുത്ത റോയിയെ മാറ്റ് ഹെൻറി ടോം ലതമിൻ്റെ കൈകളിലെത്തിച്ചു.
മറുവശത്ത് ജോണി ബാരിസ്റ്റോയ്ക്കും ഭാഗ്യത്തിൻ്റെ അകമ്പടി ലഭിച്ചു. രണ്ടിലധികം തവണ ഇൻസൈഡ് എഡ്ജ് സ്റ്റമ്പിനെ ഉരുമ്മി കടന്നു പോയപ്പോൾ ഒരു വട്ടം താരതമ്യേന അനായാസമായ ക്യാച്ച് കോളിൻ ഡി ഗ്രാൻഡ്‌ഹോം നിലത്തിട്ടു. രണ്ടാം വിക്കറ്റിൽ ക്രീസിലെത്തിയ ജോ റൂട്ട് 30 പന്തുകളിൽ വെറും 7 റൺസെടുത്ത് പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. റൂട്ടിനെ ഗ്രാൻഡ്‌ഹോം ടോം ലതമിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.
ഏറെ വൈകാതെ ബാരിസ്റ്റോയെയും ഭാഗ്യം കൈവിട്ടു. നീണ്ട ഭാഗ്യങ്ങൾക്കൊടുവിൽ നിർഭാഗ്യം കൊണ്ടാണ് ജോണി ബാരിസ്റ്റോ പുറത്തായതെന്നത് വിരോധാഭാസമായി. 36 റൺസെടുത്ത ബാരിസ്റ്റോ ലോക്കി ഫെർഗൂസൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. ശേഷം ക്യാപ്റ്റൻ ഓയിൻ മോർഗനും ബെൻ സ്റ്റോക്സും ചേർന്ന് ഇംഗ്ലണ്ടിനെ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ, ടൂർണമെൻ്റിൽ ഇതു വരെ കണ്ടു വന്ന രീതി ഫൈനലിലും തുടർന്നതോടെ 9 റൺസ് മാത്രമെടുത്ത് മോർഗൻ പുറത്തായി. മത്സരത്തിൽ ജിമ്മി നീഷാം എറിഞ്ഞ ആദ്യ പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ച മോർഗനെ ലോക്കി ഫെർഗൂസൻ അവിശ്വസനീയമായി കൈപ്പിടിയിലൊതുക്കി. 24ആം ഓവറിലാണ് മോർഗൻ പുറത്തായത്.
തുടർന്നാണ് ബട്‌ലർ സ്റ്റോക്സിനൊപ്പം ചേർന്നത്. ബട്‌ലർ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചു കളിച്ചപ്പോൾ സ്റ്റോക്സ് ബട്‌ലർക്ക് മികച്ച പിന്തുണ നൽകി. നിലവിൽ 39 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തിട്ടുണ്ട്. 41 റൺസെടുത്ത സ്റ്റോക്സും 36 റൺസെടുത്ത ബട്‌ലറുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here