യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; അഖിലിനെ കുത്തിയതാരാണെന്ന് അറിയില്ലെന്ന് ഇജാബിന്റെ മൊഴി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷവുമായി പൊലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ പ്രവർത്തകൻ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഖിലിനെ കുത്തിയതാരാണെന്ന് അറിയില്ലെന്ന് ഇജാബ് പൊലീസിന് മൊഴി നൽകി. സംഘർഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നും ഇജാബ് പൊലീസിനോട് സമ്മതിച്ചു.
കേസിൽ പൊലീസ് പ്രതി ചേർത്ത മുപ്പത് പ്രതികളിൽ ഒരാളാണ് നേമം സ്വദേശിയായ ഇജാബ്. എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. ഇന്നലെ രാത്രിയാണ് ഇജാബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇജാബിനെ ഉടൻ കോടതിയിൽ ഹാജരാക്കും.
അതേസമയം, സംഭവത്തിൽ പ്രതികളായ എട്ട് പേർക്ക് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിപരിക്കേൽപ്പിച്ച ഒന്നാം പ്രതി ശിവരഞ്ജിത്ത് രണ്ടാം പ്രതിയും കോളേജ് യൂണിയൻ പ്രസിഡന്റുമായിരുന്ന നസീം, അദ്വൈത്, അമർ, ഇബ്രാഹിം, ആരോമൽ, ആദിൽ, രഞ്ജിത് എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഇതിൽ രഞ്ജിത്തിന്റെ പേര് എഫ്‌ഐആറിൽ ഇല്ല. രഞ്ജിത്തിന് സംഭവവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ വീടുകളിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സംഭവം നടന്ന് രണ്ട് ദിവസം കഴിയുമ്പോഴും പ്രതികളായ എസ്എഫ്‌ഐ പ്രവർത്തകർ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളുണ്ടെന്ന് സംശയിക്കുന്ന പിഎംജി സെന്ററിലും ഹോസ്റ്റലുകളിലും പൊലീസിന് ഇതുവരെ റെയ്ഡ് നടത്താൻ സാധിച്ചിട്ടില്ല. റെയ്ഡിനെത്തിയ പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലം മടങ്ങിപ്പോയതായാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here