മുംബൈയിൽ നാലുനില കെട്ടിടം തകർന്നുവീണ് അപകടം; മരണം പത്തായി

മുംബൈയിലെ ഡോങ്കിരിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ കാരണം കോർപ്പറേഷന്റെ ഉത്തരവാദിത്തം ഇല്ലായ്മയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
ഡോങ്കിരിയിലെ ടൺടൽ തെരുവിൽ രാവിലെ പതിന്നൊന്നരയോടെയാണ് അപകടം ഉണ്ടായത്. കേസർഭായ് എന്ന 4 നില കെട്ടിടമാണ് തകർന്നത് വീണത്. കെട്ടിടത്തിന് നൂറ് വർഷത്തോളം പഴക്കമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആഴ്ചകൾക്ക് മുമ്പ് ഈ പ്രദേശത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കെട്ടിടത്തിനേറ്റ ക്ഷതം അപകടത്തിന് കാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തൽ.
ദേശീയ ദുരന്തനിവാരണ സേനയുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഇടുങ്ങിയ വഴിയും കെട്ടിടങ്ങൾ തമ്മിൽ അകമില്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചു. അഗ്‌നിശമന സേന പ്രവർത്തകരുടെ അടക്കം ദീർഘ നേരെത്തെ പ്രയത്‌നത്തിനൊടുവിലാണ് കെട്ടിടാവശിഷങ്ങളിൽ നിന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ഒരു മാസത്തിനിടെ മൂന്ന് അപകടങ്ങൾ ഉണ്ടായിട്ടും തടയാൻ മുംബൈ കോർപ്പറേഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here