യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ രണ്ടാം പ്രതി നസീം മർദിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ രണ്ടാം പ്രതി നസീം മർദിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ശരത്തിനെ തിരിച്ചെടുത്തു. മർദനമേറ്റതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ കുറിപ്പ് ഇട്ടുവെന്ന കാരണത്താൽ ശരത്തിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ട്രാഫിക് നിയമം ലംഘിച്ച് യു-ടേൺ എടുത്ത ബൈക്കിലെത്തിയ വിദ്യാർത്ഥിയെ ട്രാഫിക് പൊലീസ് തടഞ്ഞതായിരുന്നു സംഘർഷത്തിൽ കലാശിച്ചത്. പിന്നീട് നസീമും സംഘവും ശരത്തിനെ മർദിക്കുകയായിരുന്നു.
മാസങ്ങൾക്ക് മുൻപാണ് പാളയം ജംഗ്ഷനിൽവെച്ച് നസീം ഉൾപ്പെടെയുള്ളവർ എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരനായ അമൽ കൃഷ്ണ എന്നിവരെ മർദിച്ചത്. പാളയം യുദ്ധസ്മാരകത്തിന് മുന്നിൽ വച്ച് സിഗ്‌നൽ തെറ്റിച്ചു വന്ന നസീമിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ അമൽ കൃഷ്ണൻ തടഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് കാരണം.
ഇതിൽ പ്രകോപിതനായ നസീം അമലിന്റെ യൂണിഫോം വലിച്ചു കീറുകയും മർദിക്കുകയുമായിരുന്നു. ജംഗ്്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിനയചന്ദ്രനും, ശരത്തും അക്രമം തടയാൻ ശ്രമിച്ചപ്പോൾ അവരേയും നസീം ആക്രമിച്ചു. ഇതോടെ മൂവരും ചേർന്ന് നസീമിനെ പിടികൂടി. കുതറിയോടിയ നസീം പിന്നെ ഇരുപതോളം എസ്എഫ്‌ഐ പ്രവർത്തകരുമായി വന്ന് പൊലീസുകാരെ വളഞ്ഞിട്ട് അടിച്ചു.
ഇരുപതംഗ സംഘത്തിന്റെ മർദനത്തിൽ അവശരായ വിനയചന്ദ്രനും ശരത്തും റോഡിൽ കുഴഞ്ഞു വീണു. അമൽ കൃഷ്ണ വയർലസിലൂടെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം നസീമിനേയും സംഘത്തേയും പിടികൂടിയെങ്കിലും സ്ഥലത്ത് എത്തിയ കേരള യൂണിവേഴ്‌സിറ്റി ചെയർമാൻ ഉൾപ്പടെയുള്ളവർ ചേർന്ന് ഇവരെ പൊലീസ് ജീപ്പിൽ നിന്നും വലിച്ചിറക്കി രക്ഷപ്പെടുത്തി.
പൊലീസുകാരനെ തല്ലിയ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും നസീമിനെ പൊലീസ് അറസ്റ്റ് ചെയ്തില്ല. സംഭവത്തിൽ ഉന്നത ഇടപെടലുണ്ടായതോടെ നസീം ഒളിവിൽ പോയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ കേരള സർവകലാശാലയിൽ മന്ത്രിമാരായ കെ ടി ജലീലും, എകെ ബാലനും പങ്കെടുത്ത ഒരു പരിപാടിയിൽ മുൻനിരയിലെ സീറ്റിൽ നസീം ഇരിക്കുന്ന ഫോട്ടോ മാധ്യമങ്ങൾ പുറത്തു വിട്ടതോടെ സിപിഐഎം തന്നെ പ്രതിരോധത്തിലായി. തുടർന്ന് നസീം അടുത്ത ദിവസം കൻറോൺമെന്റ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
………….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here