കോടതിച്ചെലവ് വേണ്ടെന്ന് മുസ്ലീം ലീഗ്; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കേസ് പിൻവലിക്കാൻ ബിജെപി നേതാവ് കെ.സുരേന്ദ്രൻ നൽകിയ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് സുനിൽ തോമസിന്റേതാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നുമാണ് സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഹർജി പിൻവലിക്കുന്നതിന് തങ്ങൾക്ക് കോടതിച്ചെലവായ തുക നൽകണമെന്നാവശ്യപ്പെട്ട് എതിർ കക്ഷിയായ മുസ്ലിം ലീഗ് രംഗത്തെത്തുകയായിരുന്നു. ഇതോടെ ഹർജി പിൻവലിക്കുന്നില്ലെന്ന് കെ.സുരേന്ദ്രനും പ്രഖ്യാപിച്ചു. തുടർന്ന് കോടതിച്ചെലവിന്റെ കാര്യത്തിൽ ലീഗ് പിന്നോട്ട് പോയതോടെയാണ് ഹർജി പിൻവലിക്കാൻ കളമൊരുങ്ങിയത്. എന്നാൽ വോട്ടിങ്ങ് യന്ത്രങ്ങൾ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തേക്ക് തിരികെകൊണ്ടു പോവുന്നതിന്റെ ചിലവിലേക്കായി 42000 രൂപ സുരേന്ദ്രൻ നൽകേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here