യൂണിവേഴ്‌സിറ്റി കോളേജ് സംഭവം; വിദ്യാർത്ഥി- യുവജന സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും

യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥി – യുവജന സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ട് കെ എസ് യു ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം സെക്രട്ടറിയേറ്റ് പടിക്കൽ തുടരുകയാണ്. പി എസ് സി ആസ്ഥാനത്തേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ചും ഇന്ന് തീരുമാനിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തുവെങ്കിലും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. വിദ്യാർത്ഥി സംഘടനകൾക്ക് പുറമേ യുവജന-രാഷ്ട്രീയ സംഘടനകളും പ്രതിഷേധ രംഗത്ത് തുടരുകയാണ്. യൂണിവേഴ്സിറ്റി കോളേജിൽ അരങ്ങേറിയ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, കോളേജിലെ അതിക്രമങ്ങൾക്കും പരീക്ഷാ തട്ടിപ്പുകൾക്കും ഒത്താശ ചെയ്യുന്ന പ്രിൻസിപ്പാളിനേയും അധ്യാപകരേയും സസ്പെന്റ് ചെയ്യുക, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് പിരിച്ച് വിടുക, പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികളെ ഡീ ബാർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളന്നയിച്ച് കെ എസ് യു ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം സെക്രട്ടറിയേറ്റ് പടിക്കൽ തുടരും.
എസ്എഫ്ഐ നേതാക്കൾക്ക് വേണ്ടി പി എസ് സി മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയെന്ന് ആരോപിച്ച് യുവമോർച്ചയും ഇന്ന് പി എസ് സി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ പല പ്രതിഷേധ മാർച്ചുകളും സംഘർഷത്തിൽ കലാശിച്ചതിനാൽ കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. അതിനിടെ, യൂണിവേഴ്സിറ്റി കോളേജിലെ പിരിച്ചുവിട്ട യൂണിറ്റ് കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്താൻ എസ് എഫ് ഐ തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here