കർദിനാളിനെതിരെ വ്യാജരേഖ നിർമിച്ചുവെന്ന കേസ്; വൈദികനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

കർദിനാളിനെതിരെ വ്യാജരേഖ നിർമിച്ചുവെന്ന കേസിൽ വൈദികനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വൈദിക സമിതി മുൻ സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടനെയാണ് ചോദ്യം ചെയ്തത്. അതേസമയം. കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് വിമത വിഭാഗം വൈദികർ നാളെ പ്രതിഷേധ യോഗം ചേരും.
കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ പണമിടപാട് രേഖകൾ നിർമിച്ചുവെന്ന കേസിലാണ് വൈദികനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയുടെ മുൻ സെക്രട്ടറിയായ ഫാദർ കുര്യാക്കോസ് മുണ്ടാടനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസിൽ ഇതുവരെ രണ്ട് പേർ അറസ്റ്റിലാവുകയും വൈദികരടക്കം 5 പേർ പ്രതി ചേർക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൂടുതൽ വൈദികരിലേക്ക് അന്വേഷണമെത്തുന്നത്. എന്നാൽ കർദിനാൾ വിരുദ്ധ ചേരിയിലെ വൈദികരെ വേട്ടയാടുകയാണെന്നാണ് വിമതപക്ഷത്തിന്റെ ആരോപണം. വൈദികരോട് നാളെ ഉച്ചയോടെ എറണാകുളം ബിഷപ്പ് ഹൗസിൽ എത്തിച്ചേരാൻ വിമതപക്ഷം ആഹ്വാനം നൽകിയിട്ടുണ്ട്. കർദിനാളിനെ നേരിൽ കണ്ട് പ്രതിഷേധമറിയിക്കാനാണ് തീരുമാനം. കൂടുതൽ വൈദികരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതോടെയാണ് പ്രതിഷേധമുയർത്താൻ വൈദികർ തീരുമാനിച്ചത്.
അന്വേഷണ സംഘം കർദിനാൾ പക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നാണ് എതിർ ചേരിയുടെ ആരോപണം. രേഖകൾ വ്യാജമല്ലെന്നും വൈദികർ വാദിക്കുന്നു. അതിനിടെ വ്യാജരേഖാ കേസിൽ അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് സഭാ നേതൃത്വം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here