കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നത് നീതി നിർവഹണം വേഗത്തിലാക്കുമെന്ന് രാഷ്ട്രപതി

കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നത് നീതി നിർവഹണം വേഗത്തിലാക്കുമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. സുപ്രീംകോടതിയുടെ അഡീഷണൽ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്ന സംവിധാനത്തിനും തുടക്കമായി.
സുപ്രീംകോടതിയുടെ പ്രധാനക്കെട്ടിടത്തിന് സമീപമാണ് പുതിയ മന്ദിരം. പന്ത്രണ്ട് ഏക്കറിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയാണ് ബഹുനില മന്ദിരം നിർമിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി 825 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
വിധിന്യായങ്ങൾ പ്രാദേശികഭാഷകളിൽ ലഭ്യമാക്കാനുള്ള നടപടിക്കും ചടങ്ങിൽ തുടക്കമിട്ടു. ജസ്റ്റിസ് എസ് എ. ബോബ്ഡെ പ്രാദേശിക ഭാഷയിലേക്ക് വിവർത്തനം ചെയ്ത വിധിപകർപ്പ് രാഷ്ട്രപതിക്ക് കൈമാറി. ആദ്യഘട്ടത്തിൽ തെലുങ്ക്, അസാമീസ്, ബംഗാളി, കന്നഡ, മറാത്തി, ഒറിയ, ഹിന്ദി ഭാഷകളിലാണ് സുപ്രീംകോടതി വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത്. വിധി ന്യായങ്ങൾ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കണമെന്ന് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞതിന് പിന്നാലെയാണ് നടപടികൾ ഊർജിതമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here