കർണാടകയിൽ വിശ്വാസവോട്ട് ഇന്നു തന്നെ നടത്തണമെന്ന് ഗവർണർ; എതിർത്ത് കോൺഗ്രസ്

കർണാടകയിൽ വിശ്വാസവോട്ട് ഇന്നു തന്നെ നടത്തണമെന്നു ഗവർണർ. ഇതുസംബന്ധിച്ചു ഗവർണർ സ്പീക്കർക്ക് ശുപാർശ നൽകി. അതേസമയം, ശുപാർശ എതിർത്ത് കോൺഗ്രസ് രംഗത്തെത്തി. നിയമസഭയിൽ സ്പീക്കർക്കാണ് അധികാരമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 20 പേർകൂടി സംസാരിക്കാനുണ്ടെന്നും കോൺഗ്രസ് വാദിച്ചു. വിശ്വാസവോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവും മുൻമുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയും ആവശ്യപ്പെട്ടു.
വാദപ്രതിവാദങ്ങൾ ഉയരുന്നതിനിടെ കർണാടകയിൽ മുഖ്യമന്ത്രി എച്ച് ഡി.കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തിൽ ഒതുക്കിയാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്. സർക്കാരിനെ താഴേയിറക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തിയെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുമാരസ്വാമി പറഞ്ഞു. അംഗങ്ങൾക്ക് വിപ്പ് നൽകാനുള്ള അധികാരം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്നും അത് നിഷേധിക്കാൻ കോടതിക്ക് ആകില്ലെന്നും സിദ്ധരാമയ്യയും പറഞ്ഞു.
അതിനിടെ കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈ സെന്റ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഇദ്ദേഹം ബോംബെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് എംഎൽഎമാർക്കൊപ്പം കർണാടകയിലെ റിസോർട്ടിൽ കഴിഞ്ഞിരുന്ന ശ്രീമന്ത് പാട്ടീലിനെ ഇന്നലെ രാത്രി റിസോർട്ടിൽ നിന്നും കാണാതായിരുന്നു.
താൻ ആശുപത്രിയിലാണെന്ന് പറഞ്ഞ് ശ്രീമന്ത് പാട്ടീലിന്റെ കത്ത് കിട്ടിയെന്നും കത്തിന്റെ ആധികാരികതയിൽ സംശയമുണ്ടെന്നും കർണാടക സ്പീക്കർ കെ.ആർ രമേഷ് കുമാർ ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. ശ്രീമന്ത് പാട്ടീലിന്റെ കുടുംബവുമായി ഉടൻ ബന്ധപ്പെടാൻ സ്പീക്കർ ആഭ്യന്തരമന്ത്രിക്ക് നിർദേശവും നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here