ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി വീണ്ടും തുറക്കുന്നു

ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി വീണ്ടും തുറക്കുന്നു. അടുത്ത ഒക്ടോബറില്‍ അതിര്‍ത്തി തുറന്നു കൊടുക്കുമെന്ന് ഇറാഖിലെ സൗദി അംബാസഡര്‍ അറിയിച്ചു.
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സൗദി ഇറാഖ് അതിര്‍ത്തി വീണ്ടും തുറക്കുന്നതെന്ന് ഇറാഖിലെ സൗദി അംബാസഡര്‍ അബ്ദുല്‍ അസീസ് അല്‍ ശമ്മാരി പറഞ്ഞു. ഒക്ടോബര്‍ പതിനഞ്ചിന് അതിര്‍ത്തി തുറന്നു കൊടുക്കാനാണ് തീരുമാനം. 1990-ല്‍ ഉണ്ടായ ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തെ തുടര്‍ന്നാണ് അതിര്‍ത്തി അടച്ചത്. അധിനിവേശത്തെ തുടര്‍ന്ന് അടച്ച ഇറാഖിലെ സൗദി എംബസി ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ലാണ് തുറന്നത്.
സൗദിയും ഇറാഖും തമ്മില്‍ നയതന്ത്ര-വ്യാപാര ബന്ധങ്ങളില്‍ വലിയ തോതിലുള്ള വളര്‍ച്ചയാണ് സമീപകാലത്ത് ഉണ്ടായത്. ബന്ധം മെച്ചപ്പെടുത്താന്‍ 2017 മുതല്‍ സൗദി ഇറാഖ് കോര്‍ഡിനേഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 2017 ഒക്ടോബറില്‍ കൌണ്‌സിലിന്റെ ആദ്യയോഗം നടന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ സൗദി വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബിയുടെ നേതൃത്വത്തിലുള്ള സൗദി സംഘം ഇറാഖ് സന്ദര്‍ശിച്ചിരുന്നു. ഇറാഖില്‍ നൂറു കോടി ഡോളറിന്റെ സ്‌പോര്‍ട്‌സ് സിറ്റി അന്ന് സൗദി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here