ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയാകും

ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയാകും. ഇന്ന് ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. സിപിഐയുടെ നേതൃയോഗങ്ങൾ ഡൽഹിയിൽ തുടരുകയാണ്. തെരഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്റെ അജണ്ട.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് ജനറൽ സെക്രട്ടറി പദത്തിൽ നിന്നുള്ള രാജി സന്നദ്ധത എസ് സുധാകര റെഡി അറിയിച്ചത്. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. മുതിർന്ന നേതാവ് ഡി രാജയെ തെരഞ്ഞെടുക്കാനാണ് തത്വത്തിൽ ധാരണ.
പരിചയസമ്പത്തും പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധവും ഡി രാജയ്ക്ക് അനുകൂല ഘടകമാണ്. അതുൽ കുമാർ അഞ്ജാൻ, അമർജീത് കൗർ എന്നിവരും പരിഗണനയിൽ ഉണ്ട്. എ.ഐ.ടി.യു.സി നേതാവായ അമർജിത് കൗറിനെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് കേരള ഘടകത്തിന്റെ താൽപര്യം.
തമിഴ്‌നാട്ടിൽ നിന്നുള്ള നേതാവായ ഡി രാജ ഏറെക്കാലമായി ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ദീർഘകാലം രാജ്യസഭാംഗമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here