ബെയിലിന് അവഗണനയും അപമാനവും; സിദാനെതിരെ രൂക്ഷ വിമർശനവുമായി ഏജന്റ്

വെയിൽസ് താരം ഗാരത് ബെയിലിനെ റയൽ പരിശീലകൻ സിനദിൻ സിദാന് ഇഷ്ടമല്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. രണ്ടാം തവണ റയൽ പരിശീലകനായി സിദാൻ എത്തിയപ്പോൾ ക്ലബിൽ ബെയിലിൻ്റെ ഭാവി എന്താകുമെന്നായിരുന്നു ആകാംക്ഷ. ബയേൺ മ്യൂണിക്കുമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബെയിലിനെ സിദാൻ ഉൾപെടുത്തിയിരുന്നില്ല. ബെയിൽ ക്ലബ് വിടാനൊരുങ്ങുകയാണെന്നും അതിൻ്റെ കാര്യങ്ങൾക്കു വേണ്ടി ക്ലബ് ഒരുങ്ങുന്നതു കൊണ്ടാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്നായിരുന്നു സിദാൻ്റെ ന്യായീകരണം. ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണെന്നും സിദാൻ കൂട്ടിച്ചേർത്തു.
എന്നാൽ സിദാൻ്റെ പ്രസ്താവനയ്ക്കെതിരെ ബെയിലിൻ്റെ ഏജൻ്റ് ജൊനാതൻ ബാർനറ്റ് രംഗത്തു വന്നു. “സിദാൻ ഒരു അപമാനമാണ്. റയൽ മാഡ്രിഡിനു വേണ്ടി ഒട്ടേറെ നല്ല പ്രകടനങ്ങൾ നടത്തിയ ഒരു കളിക്കാരനോട് യാതൊരു ബഹുമാനവും സിദാനില്ല.”- അദ്ദേഹം പറഞ്ഞു. റയൽ വിടാനുള്ള ആലോചനകൾ നടക്കുന്നുവെന്നും ജൊനാതൻ പറഞ്ഞു.
സിദാൻ്റെ തിരിച്ചു വരവിനു ശേഷം റയൽ കളിച്ച 11 മത്സരങ്ങളിൽ ആകെ മൂന്നെണ്ണത്തിൽ മാത്രമാണ് ബെയിൽ 90 മിനിട്ടുകളും കളിച്ചത്. നാലു മത്സരങ്ങളിൽ ബെയിലിനെ പൂർണ്ണമായുഇം ഒഴിവാക്കിയ സിദാൻ മറ്റു മത്സരങ്ങളിൽ പകരക്കാരനാക്കി ഒതുക്കി. ഇതൊന്നും വ്യക്തിപരമായ തീരുമാനങ്ങളല്ല എന്നാണ് സിദാൻ്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here