Advertisement

‘പൊതു ജീവിതം സുതാര്യമാകണം എന്ന് ആഗ്രഹം’, പിരിവെടുത്തുള്ള കാർ വേണ്ടെന്ന് രമ്യാ ഹരിദാസ് എം.പി

July 21, 2019
1 minute Read

രമ്യാ ഹരിദാസ് എം.പി ക്ക് പിരിവെടുത്ത് കാർ വാങ്ങി നൽകാനുള്ള യൂത്ത് കോൺഗ്രസിന്റെ തീരുമാനം വിവാദമായ സാഹചര്യത്തിൽ കാർ വേണ്ടെന്ന് നിലപാടെടുത്ത് രമ്യാ ഹരിദാസ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ ഇക്കാര്യം അറിയിച്ചത്. എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസമെന്നും കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നുവെന്നും രമ്യയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Read Also; രമ്യ ഹരിദാസിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് പിരിവ് നടത്തിയ സംഭവം; താനാണെങ്കിൽ അങ്ങനെയുള്ള കാർ വാങ്ങില്ലെന്ന് മുല്ലപ്പള്ളി

ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നു പോയ തനിക്ക് അൽപ്പമെങ്കിലും ആശ്വാസവും സ്‌നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിലാണെന്നും അവിടെ തന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് വ്രതവും ശപഥവുമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രമ്യാ ഹരിദാസ് എംപിക്ക് 14 ലക്ഷം രൂപയുടെ കാർ വാങ്ങി നൽകാനാണ് യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.

പ്രധാന പ്രവർത്തകരിൽ നിന്നും പിരിവെടുത്ത് കാർ വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തു വന്നിരുന്നു. വാഹനം വാങ്ങാനായി യൂത്ത് കോൺഗ്രസ് പിരിവ് നടത്തിയത് ശരിയായില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. താനാണെങ്കിൽ ആ പണം സ്വീകരിക്കില്ലെന്നും രമ്യയ്ക്ക് ഇപ്പോൾ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാർ വേണ്ടെന്ന് രമ്യാ ഹരിദാസ് അറിയിച്ചിരിക്കുന്നത്.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്നെ ഞാനാക്കിയ
എന്റെ പാർട്ടിയുടെ സംസ്ഥാന
അദ്ധ്യക്ഷൻ
ഒരഭിപ്രായം പറഞ്ഞാൽ
അതാണ് എന്റെ അവസാന ശ്വാസം
ഞാൻ KPCC പ്രസിഡണ്ടിന്റെ
വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നു.
എന്നെ ഒരുപാട് സ്‌നേഹിക്കുന്ന
എന്റെ സഹോദരങ്ങൾക്ക്
ഒരു പക്ഷേ എന്റെ തീരുമാനം
ഇഷ്ടപ്പെട്ടെന്ന് വരില്ല
നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതക്ക് വേണ്ടി
ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം
ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കൽപ്പമെങ്കിലും
അശ്വാസവും സ്‌നേഹവും ലഭിച്ചത്
ഈ പൊതുജീവിതത്തിന്റെ
ഇടങ്ങളിൽ ആണ്.
അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത്
എന്റെ വ്രതവും ശപഥവുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top