ആൾക്കൂട്ട ആക്രമണം തടയണമെന്നാവശ്യപ്പെട്ട നടൻ കൗശിക് സെന്നിന് വധഭീഷണി

ആൾക്കൂട്ട ആക്രമണം തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവർത്തകരിൽ ഒരാളായ നടൻ കൗശിക് സെന്നിന് വധഭീഷണി. വധിക്കുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാത ഫോൺ സന്ദേശം ലഭിച്ചെന്ന് കൗശിക് പറഞ്ഞു.
അസഹിഷ്ണുതയ്ക്കും ആൾക്കൂട്ട ആക്രമണത്തിനും എതിരെ ശബ്ദിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തി. ബുധനാഴ്ചയാണ് അറിയാത്ത നമ്പറിൽനിന്ന് ഫോൺ വിളി എത്തിയത്. തെറ്റുതിരുത്തിയില്ലെങ്കിൽ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയതായും കൗശിക് സെൻ പറഞ്ഞു.
ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആക്രമണം വർധിക്കുന്നതിനെതിരേ കർശന നടപടി ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ചലച്ചിത്ര, സാമൂഹ്യ പ്രവർത്തകരായ 49 പ്രമുഖർ കത്ത് എഴുതിയത്.
അടൂർ ഗോപാലകൃഷ്ണൻ, നടി അപർണ സെൻ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, മലയാള ചലച്ചിത്ര നടിമാരായ രേവതി, കനി കുസൃതി, തമിഴ് സംവിധായകൻ മണിരത്നം, അനുരാഗ് കശ്യപ് തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കുമെതിരേയാണ് ആക്രമണങ്ങൾ കൂടുതലെന്നും ഇതിൽ ശിക്ഷിക്കപ്പെടുന്നവർ കുറവാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here