‘എൽദോക്ക് തല്ല് കിട്ടിയത് സമരത്തിന് പോയിട്ട്; പൊലീസ് ആരേയും വീട്ടിൽ കയറി മർദിച്ചിട്ടില്ല’; ന്യായീകരിച്ച് കാനം രാജേന്ദ്രൻ

ഐജി ഓഫീസിലേക്ക് നടത്തിയ സിപിഐ മാർച്ചിനിടെ എംഎൽഎ എൽദോ എബ്രഹാമിന്റെ കൈ തല്ലിയൊടിച്ച പൊലീസിനെ വിമർശിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജില്ലാ സെക്രട്ടറിയേയും എംഎൽഎയേയും എന്തിന് മർദിച്ചു എന്ന് എസ്‌ഐയോട് ചോദിക്കണം. സിപിഐ മാർച്ച് നടത്തിയതിനാണ് പൊലീസ് മർദിച്ചത്. പൊലീസ് ആരേയും വീട്ടിൽ കയറി മർദിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി എകെജി സെന്ററിൽ കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
അനീതിയെ എതിർക്കേണ്ടത് രാഷ്ട്രീയപാർട്ടികളുടെ കടമയാണ്. അതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും. മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സിപിഐ. പക്വതയോടെ മാത്രമേ സിപിഐ പ്രതികരിക്കൂ എന്നും കാനം പറഞ്ഞു.
ചൊവ്വാഴ്ചയാണ് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിന് നേരെ പൊലീസ് നടപടിയുണ്ടായത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഞാറയ്ക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ മാർച്ച്. മാർച്ചിനിടെ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം എന്നിവർക്ക് മർദനമേറ്റിരുന്നു. പൊലീസ് കൈ തല്ലിയൊടിച്ചെന്ന് ആരോപിച്ച് എൽദോ എബ്രഹാം രംഗത്തെത്തുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here