ഓപ്പോ പുറത്ത്; ഇനി ഇന്ത്യൻ ടീമിനെ ‘ബൈജൂസ്’ സ്പോൺസർ ചെയ്യുമെന്ന് റിപ്പോർട്ട്

മൊബൈൽ കമ്പനിയായ ഓപ്പോ ഇന്ത്യൻ ദേശീയ ടീമിൻ്റെ ജേഴ്സി സ്പോൺസർ സ്ഥാനത്തു നിന്ന് മാറുന്നുവെന്ന് റിപ്പോർട്ട്. മലയാളിയായ ബൈജു രവീന്ദ്രൻ തുടക്കമിട്ട്, ബാംഗ്ലൂർ ആസ്ഥാനമായ ബൈജൂസ് ലേണിംഗ് ആപ്പ് ജേഴ്സി സ്പോൺസറാകുമെന്നാണ് വിവരം. സെപ്തംബർ മുതൽ ബൈജൂസ് ഇന്ത്യൻ ജേഴ്‌സിയുടെ സ്‌പോണ്‍സറാവും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്തത്.
വരുന്ന വിൻഡീസ് പര്യടനത്തിൽ ഓപ്പോ ബ്രാൻഡിംഗ് ഉള്ള ജേഴ്സിയാവും ഇന്ത്യ അണിയുക. ആ പരമ്പരയോടെ ഓപ്പോയുള്ള കരാർ ഇന്ത്യ അവസാനിപ്പിക്കും. തുടർന്ന് സെപ്തംബർ 15ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലാണ് ഇന്ത്യ ബൈജൂസ് ബ്രാൻഡിംഗ് ജേഴ്സി അണിഞ്ഞു തുടങ്ങുക.
2017ൽ അഞ്ചു വർഷത്തെ കരാറിലാണ് ഓപ്പോ ഇന്ത്യൻ ടീമുമായി ധാരണയായത്. 2022 വരെയാണ് കരാറെങ്കിലും ഉയർന്ന കരാർ തുക നഷ്ടമാണെന്നു കണ്ട ഓപ്പോ പിന്മാറുകയായിരുന്നു. ഐസിസി ഇവൻ്റ് മത്സരങ്ങൾക്ക് 1.56 കോടി വീതവും മറ്റു മത്സരങ്ങൾക്ക് 4.61 കോടി രൂപയും വീതമാണ് ഓപ്പോ ബിസിസിഐക്ക് നൽകിയിരുന്നത്. ബൈജൂസ് ആപ്പും ഇതേ തുകയാണ് നൽകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here