അമ്പൂരിയിൽ കൊല്ലപ്പെട്ട യുവതിയും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചന

അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിമോളും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചന. യുവതിയുടെ മൃതദേഹത്തിൽ നിന്നും താലി കണ്ടെത്തി. എറണാകുളത്ത് ഒരു ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹം ചെയ്തതായി പൊലീസ് കണ്ടെത്തി. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.
ഭാര്യാ ഭർത്താക്കൻമാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരൻ രാഹുലും ചേർന്നെന്നും റിപ്പോർട്ടിലുണ്ട്. രാഹുൽ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖിൽ കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അതിനിടെ പ്രതി അഖിൽ കാർ കൊണ്ടുപോയിരുന്നതായി കാറുടമ വ്യക്തമാക്കി. ഹ്യുണ്ടായി ഐ 10 കാറാണ് അഖിൽ ഉപയോഗിച്ചത്. 24 ന് മടക്കി കൊണ്ടു വരാമെന്നു പറഞ്ഞെങ്കിലും കാറ് തിരികെ കൊണ്ടു വന്നത് അഖിലിന്റെ സഹോദരൻ രാഹുലെന്നും കാറുടമ പറഞ്ഞു.
അതേസമയം, കൊലപാതക ദിവസം രാഖി നെയ്യാറ്റിൻകരയിലെത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വൈകിട്ട് ആറേമുക്കാലോട് കൂടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ശേഖരിച്ചത്. ഇതിന് ശേഷം അഖിലിന്റെ നേതൃത്വത്തിലെ സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അഖിലിനെ കണ്ടെത്താനായി പൊലീസ് സംഘം ഡൽഹിക്ക് തിരിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here