ക്രീസിൽ താളം കണ്ടെത്താനാവാതെ യുവി; തുടക്കം തോൽവിയോടെ

കാനഡ ഗ്ലോബൽ ടി-20 ലീഗിലെ ആദ്യ മത്സരത്തിൽ യുവരാജിനും സംഘത്തിനും തോൽവി. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ നയിച്ച വാൻകൂവർ നൈറ്റ്സാണ് യുവിയുടെ ടൊറന്റോ നാഷണൽസിനെ തോല്പിച്ചത്. 8 വിക്കറ്റുകൾക്കായിരുന്നു വാൻകൂവർ നൈറ്റ്സിൻ്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ നിശ്ചിത 20 ഓവറിൽ 159/5 എന്നസ്കോർ നേടിയപ്പോൾ, വാൻകൂവർ വെറും 17.2 ഓവറുകളിൽ 2 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു. അർധ സെഞ്ചുറികൾ നേടിയ ചാഡ് വിക്ക് വാൾട്ടണിന്റേയും, റെസ്സി വാൻഡർ ഡസന്റേയും ബാറ്റിംഗാണ് ഗെയിലിനും സംഘത്തിനും തകർപ്പൻ വിജയം സമ്മാനിച്ചത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ടൊറന്റോയ്ക്ക് വേണ്ടി റോഡ്രിഗോ തോമസ്, ഹെൻറിച്ച് ക്ലാസൻ, കീറൺ പൊള്ളാർഡ് എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ച വെച്ചു. തുടക്കത്തിൽ ഏകദിന വേഗതയിലായിരുന്ന ടൊറന്റോ ഇന്നിംഗ്സിനെ അവസാന ഓവറുകളിൽ ക്ലാസനും, പൊള്ളാർഡും ചേർന്ന് നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ക്ലാസൻ 20 പന്തിൽ 41 റൺസെടുത്ത് പുറത്തായപ്പോൾ, പൊള്ളാർഡ് 13 പന്തിൽ 30 റൺസുമെടുത്ത് അവസാനം വരെ ക്രീസിൽ തുടർന്നു. ക്രീസിൽ താളം കണ്ടെത്താനാവാതെ വിഷമിച്ച നായകൻ യുവരാജ് 14 റൺസെടുത്ത് പുറത്തായി. 27 പന്തുകൾ നേരിട്ടാണ് യുവരാജ് 14 റൺസെടുത്തത്. സ്റ്റമ്പിങിലൂടെയാണ് പുറത്തായതെങ്കിലും യുവരാജ് ഔട്ടായിരുന്നില്ല. എന്നിട്ടും അമ്പയറുടെ തീരുമാനത്തിന് കാത്തു നിൽക്കാതെ യുവി ക്രീസ് വിടുകയായിരുന്നു.
വിജയലക്ഷ്യം പിന്തുടർന്ന വാൻകൂവറിന് സ്കോർ ബോർഡിൽ 36 റൺസെത്തിയപ്പോഴേക്കും ഓപ്പണർമാരായ ക്രിസ് ഗെയിലിന്റേയും, ടൊബിയാസ് വിസയുടേയും വിക്കറ്റുകൾ നഷ്ടമായി. എന്നാൽ പിന്നീട് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ചാഡ് വിക്ക് വാൾട്ടണും, റെസ്സി വാൻഡർ ഡസനും ചേർന്ന് അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വാൾട്ടൺ 35 പന്തിൽ 4 വീതം ബൗണ്ടറികളും സിക്സറുകളുമായി 59 റൺസും, വാൻഡർ ഡസൻ 43 പന്തിൽ 4 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 65 റൺസ് നേടിയും പുറത്താകാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here