ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കുന്നത് കപിൽ ദേവും സംഘവും; ബാഹ്യ ഇടപെടൽ ഉണ്ടാവില്ലെന്ന് സിഒഎ തലവൻ വിനോദ് റായ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ചുമതല കപിൽദേവ് നയിക്കുന്ന മൂന്നംഗ പാനലിന്. സുപ്രീംകോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും, അഭിമുഖങ്ങൾ നടത്തി തിരഞ്ഞെടുക്കുന്നതും ഈ പാനലായിരിക്കും. മുഖ്യ പരിശീലകനെ ഇവർ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അദ്ദേഹത്തോടും കൂടി ആലോചിച്ചാണ് മറ്റ് പരിശീലകരെയും സപ്പോർട്ടിംഗ് സ്റ്റാഫിനെയും തിരഞ്ഞെടുക്കുക.
മുൻ ഇന്ത്യൻ നായകനായിരുന്ന കപിൽ ദേവിനെക്കൂടാതെ മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ശാന്ത രംഗസ്വാമി, മുൻ ഇന്ത്യൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക് വാദ് എന്നിവരാണ് പുതിയ പരിശീലകരെ കണ്ടെത്താനുള്ള പാനലിൽ ഉള്ളത്. അടുത്ത മാസം പകുതിയോടെ പുതിയ പരിശീലകന് വേണ്ടിയുള്ള അഭിമുഖം നടക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യാതൊരു ഇടപെടലുകളും നടത്താനാവില്ലെന്നും, കപിൽദേവിന്റെ കീഴിലുള്ള പാനലിന് അതിനായുള്ള പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് തലവൻ വിനോദ് റായി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here