ചാണകവെള്ളം തളിച്ച നടപടി; ഉത്തരേന്ത്യയിൽ കാണുന്ന വൈകൃതങ്ങൾ കേരളത്തിലും വന്നതിന് തെളിവെന്ന് മന്ത്രി എ കെ ബാലൻ

ഗീതാ ഗോപി എംഎൽഎ സമരമിരുന്നിടത്ത് ചാണക വെള്ളം തളിച്ച സംഭവം ഉത്തരേന്ത്യയിൽ കാണുന്ന വൈകൃതങ്ങൾ കേരളത്തിലേക്കും വന്നതിന് തെളിവാണെന്ന് മന്ത്രി എ കെ ബാലൻ. പൊതുസമൂഹം ഇത് വിലയിരുത്തുമെന്നും വിഷയത്തിൽ പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.
ചേർപ്പ്-തൃപ്രയാർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നവശ്യപ്പെട്ടാണ് നാട്ടിക എംഎൽഎ ഗീത ഗോപിയെ ഇന്നലെനാട്ടുകാർ തടഞ്ഞത്. തുടർന്ന് ഫണ്ട് നൽകിയിട്ടും പ്രവർത്തി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് ഓഫീസിനു മുന്നിൽ എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പിന്നാലെ എംഎൽഎ സമരമിരുന്നയിടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചക്കൊടുവിൽ പാറപ്പൊടി ഉപയോഗിച്ച് റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചിരുന്നു. പ്രവർത്തികൾ പുരോഗമിക്കുന്നതിനിടെയുണ്ടായ യൂത്ത് കോൺഗ്രസിന്റെ നടപടിക്കെതിരെ എംഎൽഎ ഗീതാ ഗോപിയും രംഗത്തെത്തി. ജാതീയമായി അധിക്ഷേപിച്ചെന്ന് കാണിച്ച് എംഎൽഎ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ വിഷയത്തിൽ നടപടി ആആവശ്യപ്പെട്ട് എഐവൈഎഫ് ചേർപ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here