Advertisement

ആമിറിന്റെ വിരമിക്കൽ; രൂക്ഷ വിമർശനവുമായി ഷൊഐബ് അക്തർ

July 28, 2019
1 minute Read

ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കാനുള്ള പാക്ക് പേസർ മുഹമ്മദ് ആമിറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് പേസർ ഷൊഐബ് അക്തർ. തന്റെ യൂട്യൂബ് ചാനലിലൂടെ കടുത്ത ഭാഷയിലാണ് ആമിറിനെ അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്.

27ാം വയസ്സില്‍ തന്നെ ടെസ്റ്റ് മതിയാക്കി നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കൂടുതല്‍ കളിക്കുകയെന്ന തീരുമാനമെടുത്ത ആമിറിനേക്കാള്‍ വലിയ വിഡ്ഢിയുണ്ടാവുമോയെന്നാണ് അക്തര്‍ തുറന്നടിച്ചത്. വാതുവയ്പ് വിവാദത്തിലകപ്പെട്ട് വിലക്ക് നേരിട്ട ആമിറിനെ ക്രിക്കറ്റിലേക്കു തിരിച്ചു കൊണ്ടു വന്നത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ്. ഇതിനുള്ള നന്ദി കാണിക്കേണ്ട സമയമാണ് അദ്ദേഹത്തിന് ഇതെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. പക്ഷെ അതിന് ശ്രമിക്കാതെ ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള ആമിറിന്റെ തീരുമാനം നന്ദികേടാണെന്നും അക്തര്‍ പറയുന്നു.

ആമിര്‍ വിരമിച്ചത് നോക്കുമ്പോള്‍ പാക് ബൗളര്‍മാരായ വഹാബ് റിയാസ്, ജുനൈദ് ഖാന്‍, ഹസന്‍ അലി എന്നിവരും ടെസ്റ്റ് നിര്‍ത്തി ടി20യില്‍ മാത്രം കളിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നും അക്തര്‍ വ്യക്തമാക്കി. പാകിസ്താന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ എന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? അവര്‍ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നത്?- അക്തർ ചോദിക്കുന്നു.

വിലക്കിനു ശേഷം ഫോം വീണ്ടെടുത്ത ആമിറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാന്‍ പാകിസ്താന്‍ ശ്രമിക്കുമ്പോള്‍ എങ്ങനെയാണ് അദ്ദേഹത്തിനു വിരമിക്കാന്‍ തോന്നുകയെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എല്ലാ പാക് ബൗളര്‍മാര്‍ക്കും ടി20 ബൗളര്‍മാര്‍ മാത്രമായാല്‍ മതി, എല്ലാവര്‍ക്കും ടി20 കളിച്ചാല്‍ മതിയെന്നും അക്തര്‍ വിമര്‍ശിച്ചു.

ഒരു പേസ് ബൗളറെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും മികച്ച പ്രായമാണ് 27 വയസ്സ്. കളി തുടര്‍ന്നാല്‍ 50ല്‍ കൂടുതല്‍ ടെസ്റ്റുകൾ ആമിറിനു കളിക്കാനാവും. ടെസ്റ്റില്‍ പാക് ടീമിനെ പഴയ പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് ആമിര്‍. അതുകൊണ്ട് തന്നെ ടെസ്റ്റ് നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനം ബുദ്ധിശൂന്യതയാണ്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ താന്‍ അംഗമായിരുന്നെങ്കില്‍ ആമിറിനെ ടി20 ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തില്ലായിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top