മാട്രിമോണിയിൽ വ്യാജ പ്രൊഫെൽ വഴി 15 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്; നഴ്‌സ് പിടിയിൽ

വിവാഹ വാഗ്ദാനം നൽകി 15 ലക്ഷത്തോളം രൂപ തട്ടിച്ച കേസിൽ നഴ്‌സ് പിടിയിൽ. തിരുവനന്തപുരം സ്വദേശി സ്മിതയാണ് പിടിയിലായത്. മാട്രിമോണിയിൽ വ്യാജ പ്രൊഫെൽ വഴിയാണ് സ്മിത ലക്ഷങ്ങൾ തട്ടിയത്. 43 വയസ്സുള്ള സ്മിത പാങ്ങോട് സൈനിക ക്യാമ്പിലെ നഴ്‌സാണ്.
2015ലാണ് സംഭവങ്ങളുടെ തുടക്കം. ശ്രുതി എന്ന പേരിൽ മാട്രിമോണിയിൽ പരാതിക്കാരൻ സ്മിതയെ പരിചയപ്പെട്ട് വിവാഹാഭ്യർത്ഥന നൽകിയിരുന്നു. ബന്ധു ആണെന്ന് പറഞ്ഞു നൽകിയ ഫോൺ നമ്പറിലൂടെ സ്മിതയുമായി സംസാരിച്ചു. ഫേസ്ബുക്കിലും സമാനമായ പ്രൊഫൈൽ കണ്ടതോടെ പരാതിക്കാരൻ യുവതിയെ സംശയിച്ചില്ല.
ചാറ്റിംഗ് തുടർന്നപ്പോൾ പലതവണയായി ഇയാളിൽ നിന്ന് സ്മിത 15 ലക്ഷം രൂപ കൈപ്പറ്റി. എന്നാൽ പലതവണ വീഡിയോ കോളിൽ വരാൻ പറഞ്ഞിട്ടും സ്മിത അതു നിരസിച്ചു. പിന്നീട് 2018ൽ തനിക്കു കാൻസറാണെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് സ്മിത പിന്മാറി.
വിവാഹ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയതോടെ നാണക്കേട് ഭയന്ന് പരാതിക്കാരൻ യുവതിക്കെതിരെ അന്ന് കേസിനു പോയില്ല. എന്നാൽ കുറച്ചു കാലത്തിനു ശേഷം നിയതി നാരായണൻ എന്ന പേരിൽ ഇയാൾക്ക് വീണ്ടും മാട്രിമോണിയൽ വിവാഹാഭ്യർത്ഥന വന്നു. സംസാരിച്ചപ്പോൾ അത് മുൻപ് ഒഴിഞ്ഞു മാറിയ യുവതിയാണെന്ന് മനസിലാക്കിയ ഇയാൾ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.
പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിച്ചു. തുടർന്നു സ്മിത തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ലെഫ്റ്റനൽ റാങ്കിലുള്ള നഴ്‌സാണെന്ന് തിരിച്ചറിഞ്ഞു. സെൻട്രൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്മിതയെ പിടികൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here