ഉന്നാവ് വിഷയം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

ഉന്നാവ് സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേസ് നാളെ പരിഗണിക്കും. ഇരയായ പെൺകുട്ടി ചീഫ് ജസ്റ്റിസിനയച്ച കത്ത് വൈകിയതിൽ റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാറിനോട് അവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടും പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടും കോടതിയുടെ പരിഗണനക്ക് വരും. വിഷയം പാർലമെന്റിൽ ഇന്നും പ്രതിപക്ഷം ഉന്നയിച്ചു.
ഈ മാസം 12 ആം തിയതിയാണ് പെൺകുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് കത്ത് അയച്ചത്. എന്നാൽ കത്ത് ചീഫ് ജസ്റ്റിസിനു മുൻപിൽ എത്താതിരുന്നതിനുള്ള വിശദീകരണമാണ് സുപ്രീം കോടതി രജിസ്ട്രാറിനോട് അവശ്യപ്പെട്ടിരിക്കുന്നത്. ജീവന് ഭീഷണി ഉണ്ടെന്ന കത്ത് തനിക്ക് മുന്നിൽ എത്താതിരുന്നതിൽ ചീഫ് ജസ്റ്റിസ് അസ്വസ്ഥനാണ്.
നേരത്തേയും രജിസ്ട്രാറിന്റെ ഭാഗത്തു നിന്ന് കേസുകൾ ലിസ്റ്റ് ചെയ്യുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായിരുന്നു. ഈ പ്രവണത അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ഇന്ന് പറഞ്ഞത്. നാളെ കേസ് പരിഗണിക്കുമ്പോൾ നിലവിലെ കേസ് അന്വേഷണ പുരോഗതിയും കോടതി പരിശോധിക്കും. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് കോടതി ആവശ്യപെടും. വിഷയം ഇന്നും പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചു. പാർലിമെന്റിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നാവശ്യപെട്ട് പ്രതിപക്ഷം വോക്ക് ഔട്ട് നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here