ഉന്നാവ് പീഡനക്കേസ് പ്രതി കുൽദീപ് സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി

ഉന്നാവ് പീഡനക്കേസിലെ പ്രതിയായ എംഎൽഎ കുൽദീപ് സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി.ഉന്നാവ് പെൺകുട്ടിയുടെ വാഹനാപകടവുമായി ബന്ധപ്പെട്ട് കുൽദീപ് സെൻഗാറിനെതിരെ സിബിഐ കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. കുൽദീപ് സെൻഗാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപി ഉത്തർപ്രദേശ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിബിഐ അന്വേഷണം തീരുന്നത് വരെയാണ് നേരത്തെ സസ്‌പെൻഷൻ പ്രഖ്യാപിച്ചിരുന്നത്.എന്നാൽ കുൽദീപിനെതിരെ പാർട്ടി കർശന നടപടിയെടുക്കുന്നില്ലെന്ന് വിമർശനമുയർന്നതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ഇന്നുണ്ടായിരിക്കുന്നത്.
MLA Kuldeep Singh Sengar (Unnao rape accused) has been expelled from BJP. pic.twitter.com/GTBqkswRR1
— ANI (@ANI) 1 August 2019
കുൽദീപ് സെൻഗാറിനെതിരെ പീഡനപരാതി നൽകിയിരുന്ന പെൺകുട്ടിയും കുടുംബവും കഴിഞ്ഞ ഞായറാഴ്ചയാണ് വാഹനാപകടത്തിൽപ്പെട്ടത്. അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കൾ മരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച ലോറിയുടെ നമ്പർ പെയിന്റടിച്ച് മായ്ച്ച നിലയിലായിരുന്നതും പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാർ അപകടസമയം ഇവരുടെ കൂടെയില്ലാതിരുന്നതുമാണ് അപകടത്തെപ്പറ്റി സംശയങ്ങൾക്കിടയാക്കിയിരിക്കുന്നത്. 2017 ജൂണിൽ കുൽദീപ് സെൻഗാർ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here