‘നിങ്ങൾക്ക് ഉത്തേജകമരുന്ന് പരിശോധന നടത്താൻ അവകാശമില്ല’; ബിസിസിഐക്കെതിരെ കേന്ദ്രം

ബിസിസിഐയുടെ ഉത്തേജകമരുന്ന് പരിശോധനയ്ക്കെതിരെ കായിക മന്ത്രാലയം. മുംബൈ കൗമാര താരം പൃഥ്വി ഷായെ വിലക്കിയതുമായി ബന്ധപ്പെട്ടാണ് ഈ വിഷയം ഇപ്പോൾ പുറത്തു വന്നതെങ്കിലും നടപടിക്ക് ദിവസങ്ങൾ മുൻപു തന്നെ കായിക മന്ത്രാലയം ബിസിസിഐക്ക് കത്തയച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പരിശോധന കാര്യക്ഷമമല്ലെന്നു കാട്ടിയായിരുന്നു കത്ത്.
ഉത്തേജക മരുന്നു പരിശോധന നടത്താനുള്ള നിയമപരമായ അവകാശം ബിസിസിഐയ്ക്ക് ഇല്ലെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. സിഇഒ രാഹുല്‍ ജോഹ്‌റിക്കയച്ച കത്തില്‍ വളരെ രൂക്ഷമായാണ് ബിസിസിഐയുടെ ഉത്തേജകമരുന്നു പരിശോധനാ സംവിധാനത്തെ കേന്ദ്ര ഗവണ്‍മെന്റ് വിമര്‍ശിച്ചിരിക്കുന്നത്. ബോര്‍ഡിന് ഉത്തേജക മരുന്ന് പരിശോധന നടത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാരോ വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയോ നല്‍കിയിട്ടില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയുടെ നിര്‍ദ്ദേശമനുസരിച്ച് താരങ്ങളുടെ സാംപിള്‍ ശേഖരിച്ച് പരിശോധിക്കുന്നതിള്ള അധികാരം ഉത്തേജക മരുന്ന് പരിശോധനാ അധികാരത്തോടു കൂടിയ ആന്റി ഡോപിങ് ഓര്‍ഗനൈസേഷനുകള്‍ക്ക് മാത്രമാണ് ഉള്ളതെന്നും കത്തില്‍ പറയുന്നു.
ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ സമിതി(നാഡ) യിൽ അംഗത്വമെടുക്കാൻ ഇതുവരെ ബിസിസിഐ തയ്യാറായിട്ടില്ല. ഇതിനെതിരെ തന്നെ പലപ്പോഴും പലരും ശബ്ദമുയർത്തിയിട്ടുണ്ട്. രാജ്യത്തെ മറ്റെല്ലാ കായിക മേഖലകളും നാഡയുമായി സഹകരിക്കുന്നുണ്ടെങ്കിലും ബിസിസിഐ സ്വയേഷ്ടപ്രകാരം ഉത്തേജകമരുന്ന് പരിശോധന നടത്തുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here