മുരളീധരന്റെ ബയോപിക്കിൽ സച്ചിനും; ഔദ്യോഗിക വിശദീകരണവുമായി നിർമാതാവ്

ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ്റെ ബയോപിക്കിൽ സച്ചിൻ തെണ്ടുൽക്കർ അഭിനയിക്കും. ചിത്രത്തിൻ്റെ നിർമാതാക്കളായ ഡിഎആർ മോഷൻ്റെ തലവൻ സേതുമാധവനാണ് ഇക്കാര്യം അറിയിച്ചത്. സമകാലികരായ ഇരുവരെയും ഉൾക്കൊള്ളിക്കാതെ മുരളീധരൻ്റെ ബയോപിക്ക് പൂർണമാവില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.
സച്ചിനൊപ്പം അർജുന രണതുംഗെ, അരവിന്ദ ഡിസിൽവ, റോഷൻ മഹാനാമ, സനത് ജയസൂര്യ, ലസിത് മലിംഗ, റിക്കി പോണ്ടിംഗ്, അമ്പയർ ഡാരൽ ഹയർ എന്നിവരൊക്കെ ചിത്രത്തിൽ അഭിനയിക്കുമെന്നാണ് വിവരം. 1995 ബോക്സിംഗ് ഡേ ടെസ്റ്റിൽ മുത്തയ്യ മുരളീധരനെ 6 തവണ നോ-ബോൾ വിളിച്ച അമ്പയറാണ് ഡാരൽ ഹയർ. മുരളിയുടെ ബൗളിംഗ് ആക്ഷനെപ്പറ്റിയുള്ള വലിയ ചർച്ചകളും വിവാദങ്ങളുമൊക്കെ ഇത് ഉയർത്തുകയും ചെയ്തു.
800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുക. ഈ ഡിസംബറിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും. ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
1972 ൽ ജനിച്ച മുരളിധരൻ 133 ടെസ്റ്റ് മത്സരങ്ങളും 350 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 800 ഉം ഏകദിനത്തിൽ 534 വിക്കറ്റ് നേടി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ഇദ്ദേഹം. ടെസ്റ്റിൽ 800 വിക്കറ്റ് തികച്ച ഏക ബൗളറായതു കൊണ്ട് തന്നെ മുത്തയ്യയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് 800 എന്നാണ് പേര് നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here