ഉന്നാവ് പെൺകുട്ടിയുടെ ബന്ധുക്കൾ അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വാഹനാപകടമുണ്ടാകുന്നതിന് ആഴ്ചകൾക്ക് മുൻപ് ഉന്നാവ് പെൺകുട്ടിയുടെ ബന്ധുക്കൾ അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കത്ത് ശ്രദ്ധയിൽപ്പെടുത്താത്ത റജിസ്ട്രാറുടെ നടപടിയിൽ ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ന് വിശദീകരണം നൽകണമെന്നും റജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുഖ്യപ്രതിയും ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിങ് സെൻഗാറിനും ബന്ധുക്കൾക്കുമെതിരെ ഇക്കഴിഞ്ഞ പന്ത്രണ്ടിനാണ് ഉന്നാവ ഇരയുടെ ബന്ധുക്കൾ ചീഫ് ജസ്റ്റിസിന് കത്തയച്ചത്. വാഹനാപകടം ഉണ്ടാകുന്നത് 28നും. ഇതിനിടെ സുപ്രീംകോടതി റജിസ്ട്രാർ പതിനേഴാം തീയതി കത്ത് സ്വീകരിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ വരുന്നത്. ചൊവ്വാഴ്ച നാല് മണി വരെ കത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മുന്നിലെത്തിയില്ല. ഇത് എന്തുകൊണ്ടാണെന്ന് റജിസ്ട്രാർ ഇന്ന് വിശദീകരിക്കേണ്ടി വരും.
കത്ത് കൃത്യസമയത്ത് തന്റെ മുന്നിലെത്താത്തത് ദൗർഭാഗ്യകരമായി പോയെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്. പ്രത്യേക സുരക്ഷ അനുവദിക്കണം, ഭീഷണിപ്പെടുത്തുന്ന എം.എൽ.എയ്ക്കും ബന്ധുക്കൾക്കുമെതിരെ കേസെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നാവ പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നയിച്ചിരുന്നത്. ദൃശ്യങ്ങൾ അടക്കം തെളിവുകളും കൈമാറിയിരുന്നു. കത്ത് എഴുതിയ ബന്ധുക്കളിൽ രണ്ടുപേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here