‘കൂടെ നിൽക്കുന്നവരെ കൈവിടുന്ന പി ജെ ജോസഫ്, ഗ്രൂപ്പ് യോഗങ്ങളിൽ ചർച്ച ചെയ്യുന്നത് പശുവളർത്തലും കൃഷിയും’

പി ജെ ജോസഫിനെതിരെ വിമർശനവുമായി വീണ്ടും കേരള കോൺഗ്രസ് മുഖപത്രം. ജോസഫ് പാർട്ടി വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും, കൂടെ നിൽക്കുന്നവരെ കൈവിടുന്നതാണ് ശീലമെന്നും പ്രതിച്ഛായ ലേഖനം. പശുവളർത്തലും കൃഷിയുമാണ് ഗ്രൂപ്പ് യോഗങ്ങളിലെ പ്രധാന അജണ്ടയെന്ന് പരിഹാസം. കേരള കോൺഗ്രസം എം വയനാട് ജില്ല പ്രസിഡന്റ് കെ ജെ ദേവസ്യയാണ് ലേഖനമെഴുതിയത്
പശു വളർത്തലിനും കൃഷിക്കുമപ്പുറം രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ചർച്ചകൾ നടത്താൻ ഗ്രൂപ്പ് യോഗങ്ങളിൽ പി ജെ ജോസഫ് തയ്യാറായിട്ടില്ലെന്നാണ് കേരള കോൺഗ്രസ് മുഖപത്രം പ്രതിച്ഛായ ലേഖനത്തിലെ വിമർശനം. ജോസഫ് ഗ്രൂപ്പുകാർ ഭൂതക്കണ്ണായിടിലൂടെയാണ് വിഷയങ്ങളെ കണ്ടിരുന്നത്. ജോസഫുമായുള്ള ലയനവും മാണി ഗ്രൂപ്പിന് നഷ്ടമാണെന്ന് ലേഖനം പറഞ്ഞുവെക്കുന്നു.
ചേമ്പിലയുടെ മുകളിൽ വെള്ളം വീഴുന്നതു പോലെയായിരുന്നു 2010ലെ ലയനമെന്നാണ് വിമർശനം. മുൻകാല ലയനങ്ങളെയും പിളർപ്പകളെയും ലേഖനത്തിൽ എടുത്തുകാട്ടുന്നു. 1985 ൽ ജോസഫുമായുള്ള ലയനത്തിന് 725 ദിവസത്തെ ആയുസ് മാത്രമാണുണ്ടായത്. പിളർപ്പിന്റെ ഉത്തരവാദി ആരെന്ന ചോദ്യത്തിന് പി ജെ ജോസഫ് എന്ന ഒറ്റ ഉത്തരം മാത്രമെയുള്ളു. 1978 ൽ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചതിനെതിരെയും വലിയ വിമർശനമാണുള്ളത്. ഒപ്പം നിന്നവരെ കയ്യൊഴിഞ്ഞ ചരിത്രമാണ് ജോസഫിനുള്ളതെന്നും, എൽഡിഎഫ് വിടാനുള്ള കാരണത്തിന് നാളിതുവരെ ന്യായമായ ഉത്തരം നൽകാൻ ജോസഫിനായിട്ടില്ലെന്നും കെ ജെ ദേവസ്യ ആരോപിക്കുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here