ട്വന്റി 20; വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ വിൻഡീസിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 96 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 24 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
A six from Sundar to finish the proceedings. We win the 1st T20I by 4 wickets in 17.2 overs ??#WIvIND pic.twitter.com/y3SKQ82Qmj
— BCCI (@BCCI) August 3, 2019
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ വിൻഡീസ് നിരയ്ക്ക് ആറ് ഓവർ പിന്നിടുന്നതിന് മുമ്പേ നാല് വിക്കറ്റുകൾ കൂടി നഷ്ടമായി. കീറോൺ പൊള്ളാർഡ് (49) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് വിൻഡീസിനെ അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്.
വിൻഡീസ് ഉയർത്തിയ 96 റൺസെന്ന വിജയലക്ഷ്യത്തെ അനായാസമായി മറികടക്കാനിറങ്ങിയ ഇന്ത്യക്ക് പക്ഷേ തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ഇന്ത്യയുടെ സ്കോർ നാലിൽ നിൽക്കെ ശിഖർ ധവാനെയാണ് (1) ആദ്യം നഷ്ടമായത്. സ്കോർ 32 ൽ നിൽക്കെ തൊട്ടടുത്ത പന്തുകളിൽ രോഹിത് ശർമ്മയെയും(24), ഋഷഭ് പന്തിനെയും (0) നഷ്ടമായതോടെ ഇന്ത്യ മൂന്ന് വിക്കറ്റിന് 32 എന്ന നിലയിലായി. തുടർന്ന് മനീഷ് പാണ്ഡേ (19), വിരാട് കോലി(19), ക്രുനാൽ പാണ്ഡ്യ(12) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. ഒടുവിൽ 10 റൺസുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയും 8 റൺസെടുത്ത വാഷിങ്ടൺ സുന്ദറും ചേർന്നാണ് ഇന്ത്യയെ വിജയലക്ഷ്യം കടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here