രജിസ്ട്രാർ ഓഫീസിലെ ഫോട്ടോ പകർത്തി അപവാദ പ്രചാരണം; വായടപ്പിക്കുന്ന മറുപടി നൽകി യുവാവ്; കൈയടി

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ സമർപ്പിച്ച അപേക്ഷയുടെ ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ വരനായ യുവാവ്. കണ്ണൂർ സ്വദേശിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ മിഖ്ദാദ് അലിയാണ് തനിക്കും പെൺകുട്ടിക്കുമെതിരെ സോഷ്യൽ മീഡിയയിൽ തുടരുന്ന അപവാദ പ്രചാരണത്തിന് മറുപടിയുമായി രംഗത്തെത്തിയത്.
മിഖ്ദാദ് അലിയും കോഴിക്കോട് സ്വദേശിനിയായ കസ്തൂരിയും തമ്മിലുള്ള വിവാഹത്തിന് ഇരുവരും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി രജിസ്ട്രാർ ഓഫീസിൽ പതിപ്പിച്ച അപേക്ഷയുടെ ചിത്രം ചിലർ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ‘ദയവായി…., അറിയുന്നവർ ഈ പെൺകുട്ടിയുടെ വീട്ടിൽ അറിയിക്കുക’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ഷെയർ ചെയ്യത്. ഇതിന് മിഖ്ദാദ് നൽകിയ മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയ സദാചാരക്കൂട്ടത്തിന്റെ വായടപ്പിക്കുന്ന മറുപടിയാണ് മിഖ്ദാദ് നൽകിയിരിക്കുന്നത്.
അപവാദ പ്രചാരണം കണ്ട് തന്റെ പ്രൊഫൈൽ നോക്കാൻ വരുന്നവർക്കുള്ള മുന്നറിയിപ്പായാണ് മിഖ്ദാദിന്റെ പോസ്റ്റ്. താനും കസ്തൂരിയും അച്ഛനും കൂടി പോയാണ് ആപ്ലിക്കേഷൻ നൽകിയതെന്ന് മിഖ്ദാദ് ഫേസ്ബുക്കിൽ കുറിച്ചു. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ലെന്നും മിഖ്ദാദ് പറഞ്ഞു. മിഖ്ദാദിന് കൈയടിയുമായി പോസ്റ്റിന് താഴെ കമന്റുകൾ നിറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here