കെ എം ബഷീറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് എം എ യൂസഫലി

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ കൊല്ലപ്പെട്ട സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിന് ധനസഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഭാര്യയും രണ്ട് കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യൂസഫലി അറിയിച്ചു.
ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തിൽ യൂസഫലി പറഞ്ഞു. തുക ഉടൻ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും യൂസഫലി പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തിലാണ് കെ എം ബഷീർ മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ കാറിടിക്കുകയായിരുന്നു. അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിയിൽ തുടരുന്നത് ജയിൽ വാസം ഒഴിവാക്കാനാണെന്ന ആക്ഷേപം ഉയർന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ സാധാരണ ഗതിയിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതീവ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരാൻ അനുവദിക്കുക. ശ്രീറാമിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പൊലീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന.
ആശുപത്രിയിൽ തുടർന്നുകൊണ്ടു തന്നെ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ശ്രീറാമിന്റെ നീക്കം. നാളെ ജാമ്യാപേക്ഷ നൽകിയേക്കുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here