കനത്ത സുരക്ഷയിൽ കശ്മീർ; കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നു

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമുള്ള സാധ്യത കണക്കിലെടുത്ത് സൈന്യം അതീവ ജാഗ്രതയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എണ്ണായിരത്തിലധികം സൈനികരെയാണ് കശ്മീരിൽ വിന്യസിച്ചു കൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശ്, ഒഡീഷ, അസം സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികരെയാണ് വിമാനമാർഗ്ഗം കശ്മീരിലെത്തിച്ചിരിക്കുന്നത്. കരസേനയ്ക്ക് പുറമേ വ്യോമസേനയും സജ്ജമാണ്.
വ്യോമസേനയുടെ കൂടുതൽ വിമാനങ്ങൾ കശ്മീരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സിആർപിഎഫ് ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ളവർ കശ്മീരിൽ എത്തിയിട്ടുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനത്തിൽ രാഷ്ട്രപതി രാവിലെ ഒപ്പ് വെച്ചിരുന്നു. കശ്മീരിലെ നടപടിക്ക് മുന്നോടിയായി ഇന്നലെ അർദ്ധരാത്രിയോടെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി ഇന്റർനെറ്റ് സേവനങ്ങൾ ഉൾപ്പെടെ റദ്ദാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here