ആഷസ്: ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ലിയോൺ; ഓസ്ട്രേലിയക്ക് കൂറ്റൻ ജയം

സ്പിന്നർ നഥാൻ ലിയോണിനു മുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ടിനെതിരെ ആദ്യ ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ജയം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലോകചാമ്പ്യന്മാർ 146 റൺസിന് ഓൾ ഔട്ടായി. ഓസ്ട്രേലിയക്ക് 251 റൺസിന്റെ കൂറ്റൻ ജയം. ആറ് ഇംഗ്ലീഷ് വിക്കറ്റുകളിട്ട ലിയോണാണ് ഓസീസിനു ജയം സമ്മാനിച്ചത്.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് അവസാന ദിവസം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ നിയന്ത്രിക്കാൻ ഓസീസിനു സാധിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റിട്ട ഓസീസ് ബൗളർമാർ ഇംഗ്ലണ്ടിനെ ശ്വാസം വിടാൻ പോലും അനുവദിച്ചില്ല. 20 ഓവറെറിഞ്ഞ് 49 റൺസ് വഴങ്ങിയായിരുന്നു ലിയോണിൻ്റെ ആറു വിക്കറ്റ് നേട്ടം. നാല് വിക്കറ്റ് വീഴ്ത്തി പാറ്റ് കമ്മിൻസും മികച്ച പിന്തുണ നൽകി.
37 റൺസെടുത്ത ക്രിസ് വോക്സാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോ റൂട്ടും ജേസൺ റോയിയും 28 റൺസ് വീതം നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here