അതിനൂതന സാങ്കേതിക വിദ്യയിലുള്ള കേരളത്തിലെ ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റിംഗ് സ്റ്റേഷന്‍ കണ്ണൂരില്‍

അതിനൂതന സാങ്കേതിക വിദ്യയിലുള്ള കേരളത്തിലെ ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റിംഗ് സ്റ്റേഷന്‍ കണ്ണൂര്‍ തളിപ്പറമ്പ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജപ്പാന്‍ സാങ്കേതിക വിദ്യയില്‍ അഞ്ചു കോടിയോളം രൂപ ചിലവഴിച്ചാണ് ഡ്രൈവിംഗ് ടെസ്റ്റിനും വെഹിക്കിള്‍ ടെസ്റ്റിനുമായി മോട്ടോര്‍ വാഹന വകുപ്പ് സ്റ്റേഷന്‍ നിര്‍മ്മിച്ചത്.
തളിപ്പറമ്പില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം സ്ഥലത്താണ് ഡ്രൈവിംഗ് ടെസ്റ്റിംഗ് സ്റ്റേഷന്‍ ഒരുങ്ങുന്നത്. കെട്ടിടങ്ങളുടെയും അനുബന്ധ സൌകര്യങ്ങളുടെയും നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ജപ്പാന്‍ നിര്‍മ്മിത യന്ത്രങ്ങളുടെയും കാമറകളുടെയും സഹായത്തോടെയാണ് ഡ്രൈവിംഗ് ടെസ്റ്റും വെഹിക്കിള്‍ ടെസ്റ്റും ഇവിടെ നടക്കുക. ക്യാമറകളില്‍ നിന്നും വരുന്ന വിഷ്വലുകളെ കമ്പ്യൂട്ടറുമായി സംയോജിപ്പിച്ചാണ് ജയ പരാജയങ്ങള്‍ തീരുമാനിക്കുക. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
ശീതീകരിച്ച നിരീക്ഷണ മുറികളും ഇതിനായി സജീകരിച്ചു കഴിഞ്ഞു. എച്ച്, ഗ്രേഡിംഗ് ടെസ്റ്റ്, റിവേഴ്‌സ് പാര്‍ക്കിംഗ്, റോഡ് ടെസ്റ്റ് എന്നിവ നടത്തുന്നതിനായി ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണുള്ളത്. ചെറു വാഹനങ്ങള്‍ക്കൊപ്പം ബസ്, ലോറി പോലുള്ള വലിയ വാഹനങ്ങളും ഒരേ സമയം ഇവിടെ പരിശോധിക്കാനാവും. പരിശോധനാ ദിവസം തന്നെ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കഴിയും. ഡ്രൈവിംഗ് ടെസ്റ്റിന്റെ നിലവാരം ഉയര്‍ത്തുക വഴി അപകടങ്ങള്‍ കുറക്കാന്‍ കഴിയുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണക്കു കൂട്ടുന്നത്. ഓണത്തിനു മുമ്പായി സ്റ്റേഷന്റെ ഉദ്ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here