മാധ്യമ പ്രവര്‍ത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കില്ല

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകുവെന്ന് കോടതി അറിയിച്ചു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. കേസ് രാഷ്ട്രീയ പ്രേരിതവും മാധ്യമ സമ്മര്‍ദവുമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. അതേ സമയം ശ്രീറാമിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തായി.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിച്ചത്. കുറ്റം ചെയ്തിട്ടില്ല. വലത് കൈക്ക് പരിക്കുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ആയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ശ്രീറാമിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരണയെ തുടര്‍ന്നുണ്ടായതാണെന്നും മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ശ്രീറാമിനെ കസ്റ്റഡിയില്‍ വിടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചു കോടതി ശ്രീറാമിനായി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷയില്‍ തീരുമാനമായതിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി പ്രതിഭാഗത്തെ അറിയിച്ചു. നാളെയാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. രക്തം മുടി ഫിംഗര്‍ പ്രിന്റ് എന്നിവയുടെ രാസപരിശോധന ആവശ്യമാണെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. അതേ സമയം നരഹത്യ കുറ്റം ചുമത്തിയുള്ള ശ്രീറാം വെങ്കിട്ട രാമന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നു. പ്രതി മദ്യപിച്ചിരുന്നതായും ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here