അയോധ്യ കേസ്; അന്തിമവാദം സുപ്രീംകോടതിയിൽ ഇന്ന് ആരംഭിക്കും

അയോധ്യക്കേസിലെ അന്തിമവാദം സുപ്രീംകോടതിയിൽ ഇന്ന് ആരംഭിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. നേരത്തെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
വിപുലമായ വാദത്തിനാണ് സുപ്രീംകോടതി ഇന്ന് തുടക്കമിടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് പുറമെ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലുള്ളത്. തങ്ങളുടെ ഭാഗം വാദിക്കാൻ ഇരുപത് ദിവസമെങ്കിലും ആവശ്യമാണെന്നാണ് പ്രധാന കക്ഷികളിൽ ഒന്നായ സുന്നി വഖഫ് ബോർഡിന്റെ ആവശ്യം. അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കാനാണ് കോടതി തീരുമാനം. എങ്കിലും വാദം കേൾക്കൽ അവസാനിക്കാൻ മാസങ്ങൾ എടുത്തേക്കും.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് നവംബറിൽ വിരമിക്കുന്നതിന് മുൻപ് തന്നെ അന്തിമവിധി പറയുമെന്നാണ് സൂചന. അയോധ്യയിലെ തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധിയെയാണ് എല്ലാ കക്ഷികളും സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here