നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിനേറ്റത് അതിക്രൂരമായ മർദനമെന്ന് സർക്കാർ ഹൈക്കോടതിയിൽ

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിന് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനമായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സർക്കാർ നിലപാടറിയിച്ചത്. സാബുവിന്റെ ജാമ്യഹർജിയെ സർക്കാർ കോടതിയിൽ എതിർത്തു.
രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് എല്ലാ മെഡിക്കൽ സർട്ടിഫിക്കറ്റുകളും വ്യാഴാഴ്ചക്കകം ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. മജിസ്ട്രറ്റിന്റെ മുൻപിൽ വന്ന നടപടികളുടെ വിശദാംശങ്ങളും അറിയിക്കണം. മജിസ്ട്രറ്റിന്റെ എല്ലാ ഉത്തരവുകളും ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് മേൽ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നുവെന്നും കസ്റ്റഡിയിൽ നിന്ന് ജയിലിൽ എത്തിക്കുന്നതുവരെ രാജ്കുമാറിന് പരിക്കുണ്ടായിട്ടില്ലെന്നുമാണ് കേസിലെ ഒന്നാം പ്രതിയായ സാബുവിന്റെ ജാമ്യാപേക്ഷയിലെ പ്രധാന വാദം. നിലവിൽ ദേവികുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സാബു. എസ്ഐ സാബുവടക്കം ഏഴ് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here