ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമ നിർമാതാവ്; നേട്ടത്തിന്റെ നെറുകയിൽ ‘ഗിന്നസ് പക്രു’

നേട്ടത്തിന്റെ നെറുകയിൽ വീണ്ടും നടൻ ഗിന്നസ് പക്രു. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമാതാവ് എന്ന നേട്ടത്തിനാണ് ഗിന്നസ് പക്രു ഇപ്പോൾ അർഹനായിരിക്കുന്നത്. ഫാൻസി ഡ്രസ് എന്ന ചിത്രം നിർമിച്ചാണ് ഗിന്നസ് പക്രു ചലച്ചിത്ര നിർമാണ രംഗത്തേക്ക് എത്തിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്‌സ് അധികൃതർ റെക്കോർഡ് രേഖ പക്രുവിന് കൈമാറി.
വിമർശനങ്ങളും നല്ല അഭിപ്രായങ്ങളും ചിത്രത്തിന് കിട്ടുന്നുണ്ടെന്ന് ഗിന്നസ് പക്രു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡാവിഞ്ചി സുരേഷ് നിർമിച്ച പക്രുവിന്റെ സൈക്കിൾ ചവിട്ടുന്ന ശിൽപവും ചടങ്ങിൽ അനാവരണം ചെയ്തു. ഫാൻസി ഡ്രസ് ചിത്രത്തിലെ ബെൻ കുട്ടൻ എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് ശിൽപം നിർമിച്ചിരിക്കുന്നത്. ഡാവിഞ്ചി സുരേഷിന്റെ കരവിരുതിന് പക്രു നന്ദി പറയുകയും ചെയ്തു.
ഏറ്റവും ഉയരം കുഞ്ഞ നായകൻ, സംവിധായകൻ എന്നീ റെക്കോർഡുകൾക്ക് പക്രു നേരത്തേ അർഹനായിരുന്നു. അദ്ഭുതദ്വീപെന്ന സിനിമയിലൂടെയാണ് ഏറ്റവും കുറഞ്ഞ നായകനുള്ള ഗിന്നസ് റെക്കോർഡ് പക്രു നേടിയത്. 2013 ൽ കുട്ടീം കോലുമെന്ന ചിത്രം പക്രു സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here