സംസ്ഥാനത്ത് മഴ ശക്തം; മണ്‍ഭിത്തി ഇടിഞ്ഞ് ഒരാള്‍ മരിച്ചു

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. കൊച്ചിയിലും കാസര്‍കോടും വയനാട്ടിലും അതിശക്തമായ മഴ തുടരുകയാണ്. വയനാട് അമ്പലവയലില്‍ മണ്‍ഭിത്തി ഇടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ട തൊഴിലാളി മരിച്ചു. അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കാസര്‍കോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ ശക്തമായ സാഹചര്യത്തില്‍ വെളളിയാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ കൊച്ചി, ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 8ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചു. കൊച്ചിയില്‍ ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയ ശക്തമായ മഴ ഇന്നും തുടരുകയാണ്. വരുന്ന 48 മണിക്കൂറില്‍ സമാന സ്ഥിതി തുടരാനാണ് സാധ്യത. പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയുണ്ട്.
ഷോളയാര്‍ കോഴിക്കൂടം റോഡിലും വയലൂര്‍ ചിറ്റൂര്‍ റോഡിലും മണ്ണിടിച്ചിലുണ്ടായതിനെതുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച വയനാട്ടില്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇന്നലെ രാത്രി മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഭീതിയില്‍ കുറിച്യര്‍ മലയില്‍ നിന്ന് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. അമ്പലവയല്‍ കരിങ്കുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ മണ്‍ഭിത്തിയിടിഞ്ഞ് തൊഴിലാളി മരിച്ചു. ബത്തേരി കുപ്പാടി സ്വദേശി കരീം ആണ് മരിച്ചത്. സംസ്ഥാനത്ത് മണിക്കൂറില്‍ 50 കി മി വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here