കരിങ്കുറ്റിയില്‍ മണ്ണിടിഞ്ഞ് നിര്‍മ്മാണ തൊഴിലാളി മരിച്ച സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ പഞ്ചായത്ത്

വയനാട് അമ്പലവയല്‍ കരിങ്കുറ്റിയില്‍ മണ്ണിടിഞ്ഞ് നിര്‍മ്മാണ തൊഴിലാളി മരിച്ച സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ അമ്പലവയല്‍ പഞ്ചായത്ത്. പുതിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് റിസോര്‍ട്ടിന് അനുമതി നല്‍കിയിരുന്നില്ലെന്നും അഞ്ച് വര്‍ഷം മുന്‍പ് നല്കിയ അനുമതിയില്‍ മണ്ണ് നീക്കം ചെയ്തുളള നിര്‍മ്മാണം അനുവദിച്ചിരുന്നില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കുന്നു.
നിര്‍മ്മാണ ജോലിക്കിടെ ഇന്നലെ രാവിലെയാണ് മണ്ണിടിഞ്ഞ് വീണ് ബത്തേരി കുപ്പാടി സ്വദേശി കരീം മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന കോംപോണ്ട് വാള്മറിഞ്ഞായിരുന്നു അപകടം. ഏറെ നേരത്തിന് ശേഷമാണ് കരീമിന്റെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് പുറത്തെത്തിക്കാനായത്. അപകടകരമായി നിലനിന്നിരുന്ന 12 അടിയിലധികം ഉയരമുളള മണ്‍തിട്ടയാണ് ഇടിഞ്ഞ് വീണത്. എന്നാല്‍ പുതിയ നിര്‍മ്മാണത്തിന് റിസോര്‍ട്ട് പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന് പറയുന്നത്. അഞ്ച് വര്‍ഷം മുന്‍പ് നല്‍കിയിരുന്ന അനുമതിയില്‍ മണ്ണ് നീക്കം ചെയ്തുളള നിര്‍മ്മാണ പ്രവര്‍ത്തി കാണിച്ചിരുന്നില്ലെന്നും സീതാ വിജയന് പറയുന്നു.
സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. റിസോര്‍ട്ടിലെ അനുമതിയില്ലാത്ത നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here