‘സാറേ ഞാൻ ഇന്ദ്രൻസാണേ’; അപ്രതീക്ഷിതമായ ആ വിളിയിൽ പകച്ചുപോയി; യുവാവിന്റെ കുറിപ്പ്

നടൻ ഇന്ദ്രൻസിന്റെ എളിമ തുറന്നു കാട്ടുന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സണ്ണി വെയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണി എന്ന സിനിമയുടെ കഥ എഴുതിയ ജിഷ്ണു എസ് രമേശാണ് ഇന്ദ്രൻസിൽ നിന്നുമുണ്ടായ അനുഭവം വിവരിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. കഴിഞ്ഞ മാർച്ചിൽ പെട്ടെന്നൊരു ദിവസം ഒരു കോളുവന്നെന്നും ‘സാറേ ഞാൻ ഇന്ദ്രൻസാണേ’ എന്നാണ് മറുതലയ്ക്കലിൽ നിന്നും പറഞ്ഞതെന്നും കേട്ടപ്പോൾ താൻ പകച്ചു പോയെന്ന് ജിഷ്ണു കുറിച്ചു.
തന്റെ പ്രായത്തേക്കാൾ എക്‌സ്പീരിയൻസുള്ള സംസ്ഥാന അവാർഡും ദേശീയ ശ്രദ്ധയും നേടിയ ഒരു നടൻ വെറും തുടക്കക്കാരനായ ഒരു ചെറുപ്പക്കാരനെ സാറേയെന്ന് വിളിക്കുക എന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ജിഷ്ണു പറയുന്നു. അത്യാവശ്യം തലക്കനം ഒക്കെ വെക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് താൻ ചോദിച്ചപ്പോ പുള്ളി പറഞ്ഞ മറുപടി ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും ജിഷ്ണു കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ മാർച്ചിൽ പെട്ടെന്നൊരു ദിവസം എനിക്കൊരു കോള് വന്നു
‘ ഹലോ….
അനുഗ്രഹീതൻ ആന്റണീടെ കഥയെഴുതിയ ആളല്ലേ ?? ‘
അതേയെന്ന് ഞാൻ പറഞ്ഞപ്പോ കിട്ടിയ മറുപടിയിതായിരുന്നു…!!
‘ സാറേ…. ഞാൻ ഇന്ദ്രൻസാണേ…..!!
‘ആ….ആര്…?? പകച്ച് പോയ ഞാൻ വിക്കി വിക്കി ചോദിച്ചു :)
‘ ആക്ടർ ഇന്ദ്രൻസാ….ജിനോയി Jinoy നമ്പറ് തന്നിട്ടാ വിളിക്കുന്നെ….!!
എന്റെ പോർഷൻ എന്നാ വരുന്നേന്ന് അറിയാൻ വിളിച്ചതാ..
ലൊക്കേഷനില് വേറാരുടേം നമ്പറ് എന്റെ കയ്യിലില്ലാരുന്നു അതാ….!! :) :) ‘
എന്റെ പ്രായത്തേക്കാൾ എക്‌സ്പീരിയൻസുള്ള സംസ്ഥാന അവാർഡും ദേശീയ ശ്രദ്ധയും നേടിയ ഒരു നടൻ വെറും തുടക്കക്കാരനായ ഒരു ചെറുപ്പക്കാരനെ സാറേയെന്ന് വിളിക്കുക. നിന്ന് തിരിയാൻ സമയമില്ലാത്ത നേരത്ത് സ്വന്തം ക്യാരക്ടറിന്റെ ഷൂട്ട് എന്ന് തുടങ്ങും എന്നറിയാൻ ഇങ്ങോട്ട് വിളിച്ച് ഡേറ്റ് ഉറപ്പ് വരുത്തുക. അത്യാവശ്യം തലക്കനം ഒക്കെ വെക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് ഞാൻ ചോദിച്ചപ്പോ പുള്ളി മറുപടി പറഞ്ഞതിങ്ങനെയാണ്
‘വീട്ടിലിപ്പഴും തയ്യൽ മെഷീനൊണ്ട് .
ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വെക്കത്തൊള്ളൂ. അതാണേല് മറക്കാനും പറ്റത്തില്ല അത്രേം ആഴത്തിലാ പതിഞ്ഞേക്കുന്നേ..!! ‘
ഞാനാ മനുഷ്യനെ നോക്കി മനസ്സ് കൊണ്ടൊന്ന് തൊഴുതൂ…!!
കഴിഞ്ഞ കുറച്ച് ദിവസം ഒരുമിച്ചുണ്ടായിരുന്നു. ഒന്നിച്ച് നിന്ന് പടം തീർത്തു. എല്ലാം കഴിഞ്ഞ് യാത്ര പറയുന്നതിന്റെ തൊട്ട് മുന്നേ വിറച്ച് വിറച്ച് വാങ്ങിച്ചെടുത്ത ഓട്ടോഗ്രാഫാണിത് :)
ഒരു വെറും മനുഷ്യന്റെ ഓട്ടോഗ്രാഫ്
അനുഗ്രഹീതൻ ആന്റണി
Anugraheethan Antony
സണ്ണി വെയ്ൻ,ഗൗരി കിഷൻ,ഇന്ദ്രൻസേട്ടൻ,സുരാജേട്ടൻ, ബൈജുച്ചേട്ടൻ ,പാർവ്വതിച്ചേച്ചി,സിദ്ധീക്കിക്കാ പിന്നെ ഞങ്ങള് കുറച്ച് തുടക്കക്കാരും :)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here